നബാദ്വിപ്പ്: തെരുവുനായ്ക്കള്‍ എന്ന് കേള്‍ക്കുന്നത് തന്നെ പലര്‍ക്കും പേടിയാണ്. കാരണം ഇപ്പോള്‍ എവിടേയും കേള്‍ക്കുന്നത് തെരുവുനായകളുടെ മനുഷ്യര്‍ക്ക് നേരെയുള്ള ആക്രമണത്തെ കുറിച്ചുള്ള വാര്‍ത്തകളാണ്. സുപ്രീംകോടതി പോലും ഒടുവില്‍ അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കളെ സംരക്ഷിക്കണമെന്ന ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. വിവാദങ്ങൾക്കിടയിൽ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി തെരുവുനായ്ക്കള്‍ ഒരു നവജാതശിശുവിന് സംരക്ഷണം നല്‍കിയ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
നബാദ് വിപ്പിലെ ഒരു വീട്ടിലെ ടോയ്ലറ്റിന് പുറത്ത് ഉപേക്ഷിക്കപ്പെട്ട നവജാതശിശുവിന് കൊടും തണുപ്പില്‍ രക്ഷകരായി നിന്നത് ഒരു കൂട്ടം തെരുവ് നായ്ക്കളാണ്. ഇവ കുഞ്ഞിന് ചുറ്റും വളയുകയും സംരക്ഷണമൊരുക്കുകയുമായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ വരെ അവ കുഞ്ഞിന് സംരക്ഷണം നല്‍കി. പുലര്‍ച്ചെ സമീപത്തെ ഒരു സ്ത്രീ കുട്ടിയ്ക്കടുത്തെത്തിയ ശേഷമാണ് നായ്ക്കള്‍ സ്ഥലത്തുനിന്നു മാറിപ്പോയത്.
തീര്‍ത്ഥാടന നഗരമായ മായാപൂരില്‍ നിന്ന് ഏകദേശം 10 കിലോമീറ്റര്‍ അകലെയുള്ള നബാദ് വിപ്പ് പട്ടണത്തിലെ സ്വരൂപ്നഗര്‍ റെയില്‍വെ കോളനിയില്‍ തിങ്കളാഴ്ചയാണ് കണ്ണിന് കുളിര്‍മയേകുന്ന സംഭവം നടന്നത്. കോളനി നിവാസികള്‍ നവജാതശിശുവിന്റെ കരച്ചില്‍ കേട്ടു. എന്നാല്‍ അയല്‍പക്കത്തുള്ള ഏതെങ്കിലും വീട്ടില്‍ നിന്നായിരിക്കുമെന്നാണ് അവര്‍ കരുതിയത്.
പുലര്‍ച്ചെ, രാധ ഭൗമിക് എന്ന യുവതി ടോയ്ലറ്റിലേക്ക് പോകുമ്പോള്‍ നായ്ക്കളുടെ നടുവില്‍ കിടക്കുന്ന ഒരു കുഞ്ഞിനെ കണ്ടു. ഇതോടെ അവള്‍ നവജാതശിശുവിനെ എടുത്ത് സഹായത്തിനായി ഒരു ആണ്‍കുട്ടിയെ വിളിച്ചു. തുടര്‍ന്ന് രാധ ഭൗമിക്കിന്റെ മരുമകള്‍ പ്രീതി ഭൗമിക് കുഞ്ഞിനെ മഹേഷ് ഗഞ്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ നിന്നും കൃഷ്ണനഗര്‍ സദര്‍ ആശുപത്രിയിലേക്ക് കുഞ്ഞിനെ മാറ്റി.
ബാഹ്യ പരിക്കുകളൊന്നും ഉണ്ടായില്ലെന്ന് ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ കുഞ്ഞിന്റെ തലയില്‍ രക്തമുണ്ടായിരുന്നു, അത് ജനിച്ചപ്പോള്‍ ഉണ്ടായതായിരിക്കാം എന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
പ്രസവശേഷം ആരോ കുഞ്ഞിനെ ഉപേക്ഷിച്ചതായിരിക്കാമെന്ന് നബദ്വീപ് പൊലീസ് സംശയിക്കുന്നു. കുട്ടിയുടെ ദീര്‍ഘകാല പരിചരണത്തിനായി പൊലീസും ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥരും ശിശുക്ഷേമ സമിതിയെ ചുമതലപ്പെടുത്തി. പ്രസവശേഷം കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞവരെ കുറിച്ചുള്ള അന്വേഷണവും പൊലീസ് ഊര്‍ജിതമാക്കി.
‘ഞങ്ങള്‍ പലപ്പോഴും ഓടിച്ചുവിടുന്ന ആ നായ്ക്കള്‍, മനുഷ്യര്‍ ചെയ്യാത്തത് ചെയ്തു. അവ കുഞ്ഞിന് സംരക്ഷണം നല്‍കി ജീവന്‍ നിലനിര്‍ത്തി’- എന്നു സംഭവത്തെ കുറിച്ച് ഭൗമിക് വിശദീകരിച്ചു.
ഒന്‍പത് വര്‍ഷംമുമ്പും കൊല്‍ക്കത്തയില്‍ സമാന സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒരു നവജാത ശിശുവിന് ചുറ്റും നാല് നായ്ക്കള്‍ ഇരുന്ന് കുട്ടിയെ ആക്രമിക്കാന്‍ എത്തിയ കാക്കകളെ ഓടിച്ചുവിടുകയും കുഞ്ഞിനെ രക്ഷിക്കുന്നതുവരെ സംരക്ഷണം നല്‍കിയതുമെല്ലാം പ്രദേശവാസികള്‍ ഓര്‍ക്കുന്നു.







