തിരുവനന്തപുരം: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ഒളിവിൽ പോയ രാഹുലിനെ കണ്ടെത്താൻ സംസ്ഥാനത്തിനകത്തും പുറത്തും പൊലീസ് തിരച്ചിൽ തുടരുന്നതിനിടെയാണ് രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതിയുടെ മുന്നിലേക്കെത്തുന്നത്. അടച്ചിട്ടമുറിയിൽ വാദം വേണമെന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്. ഇത് അനുവദിക്കണോ എന്നതിലാകും ആദ്യവാദം നടക്കുക. തനിക്കെതിരായ പരാതിയിലെ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നാണ് രാഹുൽ മാങ്കൂട്ടത്തിലിന്‍റെ വാദം. പീഡനാരോപണവും ഗർഭഛിദ്രം നടത്തിയെന്ന പരാതിയും മുൻകൂർ ജാമ്യാപേക്ഷയിൽ രാഹുൽ മാങ്കൂട്ടത്തിൽ നിരസിച്ചിട്ടുണ്ട്. ഹർജിക്കൊപ്പം ഡിജിറ്റൽ തെളിവുകളും രാഹുൽ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. അതേസമയം, ബലാത്സംഗക്കേസിൽ രാഹുലിനെതിരായ തെളിവുകൾ പൊലീസ് ശേഖരിച്ചു വരികയാണ്. ചൊവ്വാഴ്ച രാഹുലിനെതിരെ കെപിസിസിക്ക് ലഭിച്ച ലൈംഗിക പീഡന പരാതിയിലും പൊലീസ് കേസെടുത്തേക്കും. പരാതി കെപിസിസി നേതൃത്വം ഡിജിപിക്ക് കൈമാറിയിരുന്നു. കേസെടുത്തശേഷം പരാതിക്കാരിയെ കണ്ടെത്താമെന്നാണ് ഉന്നത പൊലീസ് വൃത്തങ്ങള്‍ അറിയിക്കുന്നത്. ഗുരുതര കുറ്റകൃത്യം വെളിവായാൽ കേസെടുക്കുന്നതിൽ നിയമതടസമില്ലെന്നാണ് വിശദീകരണം.







