പത്തനംതിട്ട: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കഴിഞ്ഞദിവസം കെപിസിസിക്ക് ലൈംഗിക പീഡന പരാതി നല്‍കിയ പരാതിക്കാരിക്ക് നേരെ ആഞ്ഞടിച്ച് രാഹുലിന്റെ സുഹൃത്തും കെ.എസ്.യു സംസ്ഥാന ഭാരവാഹിയുമായ ഫെന്നി നൈനാന്‍. അടൂര്‍ നഗരസഭ എട്ടാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി കൂടിയായ ഫെന്നി നൈനാന്‍ യുവതിയുടേത് വ്യാജ പരാതിയെന്ന് ആവര്‍ത്തിക്കുകയും തന്റെ ജീവിതത്തില്‍ ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നും പൊലീസ് അന്വേഷിച്ച് തെളിവ് കണ്ടെത്തിയാല്‍ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ തയ്യാറാണെന്നും വ്യക്തമാക്കി. ഒരു സ്ഥാനാര്‍ത്ഥിയെ ഏത് വിധേനയും തേജോവധം ചെയ്യാനുള്ള നീക്കമാണ് നടക്കുന്നതെന്നും ഫെന്നി ചൂണ്ടിക്കാട്ടി.
ഹോം സ്റ്റേ പോലൊരു കെട്ടിടത്തിലെത്തിച്ചതും തിരികെ കൊണ്ടുപോയതും ഫെന്നി നൈനാന്‍ ആണെന്നാണ് യുവതിയുടെ പരാതിയിലുള്ളത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിക്കാനുള്ള നീക്കമാണ തെന്നും പരാതി നല്‍കിയത് ആണാണോ പെണ്ണാണോ എന്ന് പോലും അറിയില്ലെന്നും ഫെനി പറയുന്നു. ഏതു വാഹനത്തില്‍ എവിടേക്കാണ് കൊണ്ടുപോയതെന്ന് വ്യക്തമാക്കണമെന്ന് പരാതിക്കാരിയെ വെല്ലുവിളിച്ച ഫെന്നി നൈനാന്‍ ആവശ്യപ്പെട്ടു. ഏതു ഹോംസ്റ്റേയിലേക്കാണ് കയറ്റി കൊണ്ടുപോയതെന്നും വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ടു.
വ്യാജ പരാതി കൊടുത്ത വ്യക്തി ആദ്യം ഈ ചോദ്യങ്ങൾക്കു മറുപടി പറയട്ടെ. പരാതി നല്‍കിയ ആളെ താന്‍ വെല്ലുവിളിക്കുകയാണ്. പരാതിക്ക് പിന്നില്‍ വലിയ ഗൂഢാലോചനയാണുള്ളത്. സര്‍ക്കാരും പൊതുപ്രവര്‍ത്തകനും ഒരു ചാനലും ഉള്‍പ്പെട്ട ഗൂഢാലോചനയാണിതെന്നും ഫെന്നി ആരോപിച്ചു. ആരോപണവുമായി ബന്ധപ്പെട്ട് ഡിജിപിക്ക് പരാതി അയച്ചിട്ടുണ്ട്. പരാതി നല്‍കിയ വ്യക്തിക്കും വാര്‍ത്തയ്ക്കുമെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്നും ഫെന്നി നൈനാന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.







