കൊച്ചി: കൊച്ചിന്‍ ഷിപ്‌യാര്‍ഡില്‍ നാവികസേനാ കപ്പലിന്റെ അറ്റകുറ്റപ്പണിക്കിടെ കരാര്‍ തൊഴിലാളിയായ ഡൈവര്‍ മുങ്ങിമരിച്ചു. മലപ്പുറം പുതുക്കോട് പെരിങ്ങാവ് രാരപ്പന്‍തൊടി വീട്ടില്‍ അബൂബക്കറിന്റെ മകന്‍ അന്‍വര്‍ സാദത്ത് (25) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. എറണാകുളം ചുള്ളിക്കലിലെ ഡൈവിങ് അക്കാദമിയിലെ മുങ്ങല്‍ വിദഗ്ധനായിരുന്നു. ഈ അക്കാദമിയിലെ മുങ്ങല്‍ വിദഗ്ധരെയാണ് ഷിപ് യാര്‍ഡില്‍ കപ്പലുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചിരിക്കുന്നത്. ഇവിടെ അഞ്ചുവര്‍ഷമായി ജോലിചെയ്തുവരികയായിരുന്നു സാദത്ത്. ചൊവ്വാഴ്ച രാവിലെ മുതല്‍ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് ജോലിചെയ്തുവരികയായിരുന്നു. മുകളില്‍ നിന്നിരുന്ന ആള്‍ക്ക് അടിത്തട്ടില്‍ മുങ്ങി ജോലിചെയ്തിരുന്ന സാദത്തുമായുളള ബന്ധം വൈകീട്ടോടെ നഷ്ടമായിരുന്നു. ഇതോടെ മറ്റുള്ളവരെ വിവരമറിയിച്ചു. പൊലീസെത്തി സാദത്തിനെ മുങ്ങിയെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബുധനാഴ്ച ഉച്ചയോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.







