കൊച്ചി: വിവാഹദിവസം മേക്കപ്പിനായി പോകുന്നതിനിടെ കാര്‍ അകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന ആവണി ആശുപത്രി വിട്ടു. തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവരോടെല്ലാം ആവണിയും കുടുംബവും നന്ദി പറഞ്ഞു. ഒരുപാട് പേരോട് നന്ദിയുണ്ടെന്നും ആത്മവിശ്വാസം വര്‍ദ്ധിച്ചുവെന്നും ആവണി പ്രതികരിച്ചു. നിലവില്‍ ചികിത്സക്കാണ് പ്രാധാന്യം നല്‍കുന്നതെന്ന് ഭര്‍ത്താവ് ഷാരോണ്‍ പറഞ്ഞു. ചെറിയൊരു ഫംഗ്ഷന്‍ നടത്താന്‍ ബന്ധുക്കള്‍ ആലോചിക്കുന്നുണ്ടെന്നും ഷാരോണ്‍ കൂട്ടിച്ചേര്‍ത്തു.
‘ഒരുപാട് പേര്‍ എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചിട്ടുണ്ടെന്ന് അറിയാം. വേറെ സംസ്ഥാനങ്ങളില്‍ നിന്നുവരെ ആളുകള്‍ വിളിക്കുകയും മെസേജ് അയക്കുകയും ചെയ്തിരുന്നു. എല്ലാവരോടും ഒരുപാട് ഒരുപാട് താങ്ക്‌സ്. രണ്ട് കുടുംബങ്ങളുടെ പേരിലും നന്ദി’ പറയുന്നുവെന്നും ആവണി പറഞ്ഞു.
വിവാഹ ദിനത്തില്‍ പുലര്‍ച്ചെ മൂന്ന് മണിയോടെ മേക്കപ്പിടാനായി കുമരകത്തേക്ക് പോകുമ്പോഴാണ് ആവണിയും രണ്ട് ബന്ധുക്കളും സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടമുണ്ടായത്. ആവണിയുടെ പരിക്ക് ഗുരുതരമായിരുന്നു. ബന്ധുക്കള്‍ക്ക് നിസാര പരിക്ക് മാത്രമായിരുന്നു. പരിക്കിനെ തുടര്‍ന്ന് വിവാഹം മാറ്റിവയ്‌ക്കേണ്ട അവസ്ഥയായിരുന്നു.
ആവണിയെ വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിത്. വിവാഹ ദിനത്തില്‍ നടന്ന ദുരന്തത്തെ അതിജീവിച്ച് നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ തന്നെ വിവാഹം നടത്താനായിരുന്നു ബന്ധുക്കളുടെ തീരുമാനം. ഇരുകുടുംബങ്ങളുടെയും ആഗ്രഹം ആശുപത്രി അധികൃതര്‍ അംഗീകരിക്കുകയും ചെയ്തതോടെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ വച്ച് ആവണിയുടെയും ഷാരോണിന്റെയും താലികെട്ട് നടന്നു.
ചേര്‍ത്തല ബിഷപ്പ് മൂര്‍ സ്‌കൂള്‍ അധ്യാപികയാണ് ആലപ്പുഴ കൊമ്മാടി സ്വദേശിയായ ആവണി. ആലപ്പുഴ തുമ്പോളി സ്വദേശിയും ചേര്‍ത്തല കെ.വി.എം കോളജ് ഓഫ് എഞ്ചിനിയറിങ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയിലെ അസി. പ്രാഫസറാണ് ഭര്‍ത്താവ് വി.എം. ഷാരോണ്‍.







