പാലക്കാട്: ഒളിവിൽ പോകാൻ രാഹുൽ മാങ്കൂട്ടത്തിലിന് സഹായം നൽകിയ സിനിമ നടിയിൽ നിന്ന് എസ്ഐടി വിവരങ്ങൾ തേടി. എംഎൽഎ ഉപയോഗിച്ച റെഡ് പോളോ കാര്‍ രാഹുലിനെ പിന്തുണച്ചു വന്ന നടിയുടേതായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് രാഹുലിന്‍റെ ഭവന നിര്‍മ്മാണ പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ നടിയുടേതാണ് രക്ഷപ്പെടാൻ ഉപയോഗിച്ച ചുവന്ന കാര്‍ എന്നാണ് പൊലീസ് കണ്ടെത്തൽ. രാഹുലിന് കാര്‍ നൽകിയതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടിയാണ് സിനിമ നടിയുമായി പൊലീസ് സംഘം ഫോണിൽ സംസാരിച്ചത്. രാഹുൽ മാങ്കൂട്ടത്തിൽ അടുത്ത സുഹൃത്താണെന്നാണ് നടി പൊലീസിന് നൽകിയ മറുപടി. ബെംഗളൂരുവിലുള്ള നടിയെ ഫോണിൽ വിളിച്ചാണ് വിവരങ്ങള്‍ തേടിയത്. പാലക്കാട് നിന്നും രാഹുൽ മാങ്കൂട്ടത്തിൽ രക്ഷപ്പെട്ടത് ചുവന്ന പോളോ കാറിലാണെന്ന് നേരത്തെ തന്നെ പൊലീസിന് വിവരം ലഭിച്ചിരുന്നു. പാലക്കാട് നിന്ന് ചുവന്ന കാറിൽ രാഹുൽ നേരെ പോയത് പൊള്ളാച്ചിയിലേക്കാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ഇതിനുശേഷം ഹൈവേ ഒഴിവാക്കി ജില്ലാ അതിര്‍ത്തിയായ കൊഴിഞാമ്പാറ വഴി കോയമ്പത്തൂരിലേക്ക് കടന്നതായും വിവരം ലഭിച്ചിട്ടുണ്ട്. കാറുകള്‍ മാറി മാറി ഉപയോഗിച്ചാണ് രാഹുലിന്‍റെ യാത്രയെന്നാണ് പൊലീസ് സംശയിക്കുന്നത്. കോയമ്പത്തൂരില്‍ നിന്നാണ് കര്‍ണാടക -തമിഴ്‌നാട് അതിര്‍ത്തിയായ ബാഗല്ലൂരില്‍ എത്തിയത്. ഇവിടെ റിസോര്‍ട്ടില്‍ രാഹുല്‍ ഒളിച്ചുകഴിയുകയായിരുന്നു. അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താനുള്ള തിരച്ചില്‍ പ്രത്യേക അന്വേഷണ സംഘം തുടരുകയാണ്. പൊലീസ് സംഘം കര്‍ണാടകയില്‍ നിരവധി കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയതായാണ് സൂചന.







