തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതി 2 തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി സൂചന.രാഹുല്‍ മാങ്കൂട്ടത്തിലില്‍ നിന്നുണ്ടായ പീഡനത്തിനും നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിനും പിന്നാലെ അമിതമായി മരുന്നു കഴിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. ഇതേത്തുടര്‍ന്ന് ഏതാനും ദിവസം ആശുപത്രിയിലും കഴിഞ്ഞിരുന്നു. ഒരു തവണ കൈ ഞരമ്പ് മുറിക്കാന്‍ ശ്രമിച്ചതായും യുവതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഗര്‍ഭഛിദ്രം നടത്താന്‍ 2 ഗുളികകള്‍ തന്നെക്കൊണ്ട് നിര്‍ബന്ധിച്ച് കഴിപ്പിച്ചതായി യുവതി ഡോക്ടറോട് വെളിപ്പെടുത്തിയിരുന്നു.
ഇക്കാര്യം ഡോക്ടര്‍ പൊലീസിനെയും അറിയിച്ചിട്ടുണ്ട്. യുവതി ലൈംഗിക പീഡനം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയതിന് പിന്നാലെ കഴിഞ്ഞ അഞ്ചുദിവസമായി ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പൊലീസ് ഊര്‍ജിതമാക്കി. കേരളത്തിലും തമിഴ്‌നാട്ടിലും ബെംഗളൂരുവിലും തിരച്ചില്‍ നടത്തുന്നുണ്ട്.
അറസ്റ്റിനെതിരെ രാഹുല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ചൊവ്വാഴ്ചയാണ് പരിഗണിക്കുന്നത്. കോടതിയുടെ ഉത്തരവു വന്ന ശേഷം അറസ്റ്റിന്റെ കാര്യത്തില്‍ തീരുമാനം എടുക്കാം എന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥര്‍ നേരത്തെ എടുത്തിരുന്ന നിലപാട്. എന്നാല്‍ ഇപ്പോള്‍ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.
രാഹുല്‍ പാലക്കാട്ടുനിന്നും മുങ്ങിയ ചുവന്ന കാര്‍ ഒരു യുവനടിയുടേതാണെന്ന് പൊലീസ് പറയുന്നുണ്ട്. കാറിന്റെ നമ്പര്‍ പരിശോധിച്ചാണ് പൊലീസ് ഇക്കാര്യം ഉറപ്പിച്ചത്. വ്യക്തത വരുത്താന്‍ ഇവരെ ചോദ്യം ചെയ്യും. കാര്‍ കൈമാറാനുണ്ടായ സാഹചര്യവും പരിശോധിക്കും.
രാഹുലിന്റെ പാലക്കാട്ടെ ഫ്‌ളാറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് കഴിഞ്ഞദിവസം പരിശോധിച്ചിരുന്നു. എന്നാല്‍ സിസിടിവിയില്‍ മുമ്പത്തെ ദൃശ്യങ്ങളൊന്നും തന്നെ ഇല്ലെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. രാഹുലിന്റെ സുഹൃത്തുക്കളെ കഴിഞ്ഞദിവസം അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. ബന്ധുക്കള്‍ പൊലീസ് നിരീക്ഷണത്തിലാണ്.







