ന്യൂഡല്‍ഹി : എസ്.ഐ.ആര്‍ വിഷത്തില്‍ കേരളത്തിന് അനുകൂലമായി സുപ്രീംകോടതി വിധി. തദ്ദേശ തിരഞ്ഞെടുപ്പു നടക്കുന്ന സാഹചര്യത്തില്‍ എസ്.ഐ.ആറിന്റെ ഭാഗമായ എന്യുമറേഷന്‍ ഫോം സമര്‍പ്പിക്കുന്നതിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മിഷന് മുന്നില്‍ ഉന്നയിക്കാന്‍ സുപ്രിം കോടതി നിര്‍ദേശിച്ചു. ബുധനാഴ്ച വൈകിട്ട് അഞ്ചുമണിക്കകം ഇക്കാര്യം വ്യക്തമാക്കി കത്തു നല്‍കണമെന്നും രണ്ടുദിവസത്തിനുള്ളില്‍ നിഷ്പക്ഷവും വസ്തുനിഷ്ഠവുമായ തീരുമാനം കൈക്കൊള്ളണമെന്നും തിരഞ്ഞെടുപ്പ് കമ്മിഷനോട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.
സര്‍ക്കാര്‍ ഉയര്‍ത്തുന്ന കാര്യങ്ങളില്‍ ന്യായമുണ്ടെന്ന് നിരീക്ഷിച്ചാണ് ഒരാഴ്ച കൂടി സമയം നീട്ടുന്ന കാര്യത്തില്‍ അപേക്ഷ നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പും എസ്.ഐ.ആറും ഒരുമിച്ചു നടക്കുന്നതുകൊണ്ട് പ്രശ്‌നങ്ങളില്ലെന്ന ശക്തമായ നിലപാട് മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷന്‍ കോടതിയില്‍ സ്വീകരിച്ചെങ്കിലും അനുഭാവപൂര്‍വമായ നിലപാട് സ്വീകരിക്കണമെന്ന് വ്യക്തമാക്കിയാണ് കോടതിയുടെ നിര്‍ദേശം.
ഇതിന് മറുപടിയായി നേരത്തേ സമയം നീട്ടി നല്‍കിയതാണെന്നും ഫോം വിതരണത്തിന്റെയും ഡിജിറ്റലൈസേഷന്റെയും 98.8 ശതമാനവും പൂര്‍ത്തിയായെന്നും കമ്മിഷന്‍ വാദിച്ചിരുന്നു. ഉദ്യോഗസ്ഥരെ പ്രത്യേകമാണ് നിയോഗിച്ചിരിക്കുന്നതെന്നും പ്രവര്‍ത്തനങ്ങള്‍ സുഗമമായി മുന്നോട്ടുപോകുന്നതായും സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷന്‍ അറിയിച്ചു. എന്നാല്‍ വിതരണം ചെയ്ത ഫോമുകള്‍ ജനങ്ങളില്‍നിന്ന് പൂരിപ്പിച്ചു കിട്ടുന്നില്ല എന്നും തദ്ദേശ തിരഞ്ഞെടുപ്പിന്റെ തിരക്ക് ഇതിനെ ബാധിച്ചിട്ടുണ്ട് എന്നും സര്‍ക്കാരും, പാര്‍ട്ടികളും കോടതിയെ അറിയിച്ചു. ഇതില്‍ കാര്യമുണ്ട് എന്ന നിലപാട് സ്വീകരിച്ച ശേഷമാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് സമയം നീട്ടി നല്‍കുന്നതിനെ സംബന്ധിച്ച് ആലോചിക്കണം എന്ന് നിര്‍ദേശിച്ചത്.
എന്നാല്‍ എസ്.ഐ.ആര്‍ മാറ്റിവയ്ക്കാന്‍ ഉത്തരവിടണമെന്ന കേരളത്തിന്റെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും ആവശ്യത്തോടു കോടതി നേരിട്ടു പ്രതികരിച്ചില്ല. ഫലത്തില്‍, കേരളത്തില്‍ എസ്.ഐ.ആര്‍ തുടരാം. അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ സാവകാശത്തിനായി കമ്മിഷന് ഔദ്യോഗികമായി കത്തു നല്‍കാനാണ് സര്‍ക്കാരിനോട് നിര്‍ദേശിച്ചത്.
പുതുപ്പള്ളിയിലെ രണ്ടായിരത്തില്‍പരം വീടുകള്‍ കയറിയിറങ്ങിയപ്പോള്‍ കണ്ട സാഹചര്യം വ്യത്യസ്തമായിരുന്നുവെന്ന് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എസ്.ഐ.ആര്‍ ഇപ്പോഴത്തെ നിലയില്‍ തുടരാന്‍ അനുവദിച്ചാല്‍ അവിടെ മാത്രം 4,00450 വോട്ടുകള്‍ ഒറ്റയടിക്ക് ഇല്ലാതാകുന്ന സാഹചര്യം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ നിന്നുള്ള എന്‍.ആര്‍.ഐ വോട്ടര്‍മാരുടെ ആശങ്ക അഭിഭാഷകനും രാജ്യസഭ അംഗവുമായ ഹാരിസ് ബീരാന്‍ ബെഞ്ചിന് മുന്‍പാകെ ഉന്നയിച്ചെങ്കിലും കോടതി ഇടപെട്ടില്ല. ഫോം ഓണ്‍ലൈനായി പൂരിപ്പിച്ചു നല്‍കാന്‍ നിര്‍ദേശിച്ചെങ്കിലും നേരിട്ടുള്ള വെരിഫിക്കേഷന്‍ പ്രവാസികളുടെ കാര്യത്തില്‍ അസാധ്യമാണെന്നും അവര്‍ക്ക് വോട്ടുകള്‍ നഷ്ടമാകുന്ന സാഹചര്യം ഉണ്ടാകുമെന്നും ഹാരിസ് ബീരാന്‍ ബോധ്യപ്പെടുത്തി. ഇക്കാര്യം ഹര്‍ജിയില്‍ ഇല്ലെന്നും പുതിയ ഹര്‍ജിയായി നല്‍കാന്‍ നിര്‍ദേശിക്കണമെന്നുമായിരുന്നു തിരഞ്ഞെടുപ്പു കമ്മിഷന്റെ നിലപാട്.
എന്‍.ആര്‍.ഐക്കാരുടേത് ഉള്‍പ്പെടെയുള്ള വിഷയത്തെക്കുറിച്ചു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് ബോധ്യമുണ്ടാകുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. പ്രശ്‌നമുണ്ടെങ്കില്‍ അവര്‍ കേന്ദ്ര കമ്മിഷന് മുന്‍പാകെ ഉന്നയിക്കട്ടെ എന്നും വിഷയം ഉചിതമായ സമയത്തു വരട്ടെയെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന് വേണ്ടി സ്റ്റാന്റിംഗ് കോണ്‍സല്‍ സി.കെ. ശശി, അഭിഭാഷക മീന കെ. പൗലോസ് എന്നിവരാണ് ഹാജരായത്. മുസ്ലിം ലീഗിന് വേണ്ടി ഹാരിസ് ബീരാന്‍, സിപിഎമ്മിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ രഞ്ജിത്ത് കുമാര്‍, അഭിഭാഷകന്‍ ജി. പ്രകാശ് എന്നിവര്‍ ഹാജരായി.







