കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതി ജീവനൊടുക്കി. കത്തികൊണ്ട് കഴുത്തറുത്ത് മരിച്ച നിലയിലാണ് പ്രതിയെ കണ്ടെത്തിയത്. വയനാട് കേണിച്ചിറ സ്വദേശി ജില്‍സണ്‍(43) ആണ് മരിച്ചത്. ഭാര്യയെ കൊലപ്പെടുത്തിയ കേസിലാണ് ജില്‍സണ്‍ ജയിലിലായത്. മുന്‍പും ജില്‍സണ്‍ ആത്മഹത്യാശ്രമം നടത്തിയിരുന്നു. തുടര്‍ന്ന് കൗണ്‍സിലിങ് അടക്കം നല്‍കിയിരുന്നു. ഏഴ് മാസം മുമ്പാണ് ഇയാളെ മാനന്തവാടി സബ് ജയിലില്‍നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു കൊണ്ടുവന്നത്. ഭാര്യയുടെ മരണശേഷം മനോവിഷമത്തിലായിരുന്നു. ഇതിനുമുന്‍പ് രണ്ട് തവണ ഇയാള്‍ ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നതായി ജയില്‍ അധികൃതര്‍ പറഞ്ഞു. തിങ്കളാഴ്ച അര്‍ധരാത്രി പുതപ്പു മൂടിയ ശേഷം കത്തികൊണ്ട് കഴുത്തറുക്കുകയായിരുന്നുവെന്നാണ് വിവരം. പുതപ്പില്‍ രക്തം ശ്രദ്ധയില്‍പ്പെട്ട ജയില്‍ അധികൃതര്‍ ജിന്‍സണിനെ പുലര്‍ച്ചെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചു. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ ജയില്‍ അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചതായി ആരോപണം ഉയരുന്നുണ്ട്. ഇയാള്‍ക്ക് കഴുത്തുമുറിക്കാനുള്ള ആയുധം എങ്ങനെകിട്ടിയെത് ദുരൂഹമാണ്. സിസിടിവി ഉള്‍പ്പെടെ പരിശോധിച്ച് വരികയാണെന്നും ജയില്‍ അധികൃതര്‍ പറഞ്ഞു. വാട്ടര്‍ അതോറിറ്റി ജീവനക്കാരനായിരുന്നു ജില്‍സണ്‍.







