പാക് പ്രധാനമന്ത്രി ഷെഹ് ബാസ് ഷെരീഫ് രാജ്യം വിട്ടു; സംഭവം ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍ സിഡിഎഫ് പദവി ഏറ്റെടുക്കാനിരിക്കെ

ഇസ്ലാമാബാദ്: പാക് പ്രധാനമന്ത്രി ഷെഹ് ബാസ് ഷെരീഫ് രാജ്യം വിട്ടതായി റിപ്പോര്‍ട്ട്. ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിനെ പാക്കിസ്ഥാനിലെ ആദ്യ പ്രതിരോധ സേനാ മേധാവിയായി (സിഡിഎഫ്) നിയമിക്കുന്നതിന്റെ വിജ്ഞാപനം പുറത്തിറങ്ങാനിരിക്കെയാണ് നാടകീയ നീക്കം നടന്നിരിക്കുന്നത്. അസിം മുനീറിന് അഞ്ച് വര്‍ഷത്തേക്ക് സിഡിഎഫ് പദവി നല്‍കുന്നതാണ് വിജ്ഞാപനം.

വിജ്ഞാപനം പുറപ്പെടുവിക്കുമ്പോള്‍ രാജ്യത്ത് ഉണ്ടാകാതിരിക്കാന്‍ ഷെഹ്ബാസ് ഷെരീഫ് മനഃപൂര്‍വം രാജ്യം വിട്ടു എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഭരണഘടനയുടെ 27-ാം ഭേദഗതിയിലൂടെ സൃഷ്ടിക്കപ്പെട്ട പദവിയാണ് സിഡിഎഫ്. പദവി. ഇതു ഏറ്റെടുക്കുന്നതോടെ പാക്കിസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും ശക്തനായ സൈനിക മേധാവിയായി തീരും അസിം മുനീര്‍. നവംബര്‍ 29നായിരുന്നു അസിം മുനീറിനെ സിഡിഎഫായി നിയമിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറത്തുവരേണ്ടിയിരുന്നത്. കരസേനാ മേധാവിയെന്ന നിലയില്‍ അസിമിന്റെ കാലാവധി അവസാനിച്ച ദിവസമായിരുന്നു അന്ന്. എന്നാല്‍ നവംബര്‍ 29ന് ഈ വിജ്ഞാപനം ഇറങ്ങിയിരുന്നില്ല.

ഷെഹ് ബാസ് ഷെരീഫ് ബഹ് റൈനിലേക്കും അവിടെ നിന്ന് ലണ്ടനിലേക്കും പോയതായി നാഷണല്‍ സെക്യൂരിറ്റി അഡൈ്വസറി ബോര്‍ഡ് മുന്‍ മെമ്പര്‍ തിലക് ദേവാഷറിനെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തു നിന്ന് മാറിനില്‍ക്കുന്നതോടെ ഉത്തരവ് ഒപ്പിട്ടുവെന്ന ഉത്തരവാദത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഷെഹ് ബാസ് ഷെരീഫിന് കഴിയുമെന്നും ഇപ്പോള്‍ പാക്കിസ്ഥാന്‍ സൈന്യം പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും തിലക് ദേവാഷര്‍ കൂട്ടിച്ചേര്‍ത്തു.

നിലവില്‍ അസിം മുനീറിന്റെ കരസേനാ മേധാവി സ്ഥാനം അവസാനിച്ചു. അതായത് പാക്കിസ്ഥാന് ഒരു സൈനിക മേധാവിയില്ലാത്ത അവസ്ഥയാണ്. ഫലത്തില്‍ സ്ട്രാറ്റജിക് ഫോഴ്സ് കമാന്‍ഡിന് കീഴില്‍ വരുന്ന ആണവ കമാന്‍ഡ് അതോറിറ്റിക്കു പോലും നേതൃത്വമില്ലാത്ത അവസ്ഥ. ഇത് വളരെ വിചിത്രമായ ഒരു സാഹചര്യമാണെന്നും സിഡിഎഫ് വിജ്ഞാപനം ആവശ്യമാണോ എന്ന കാര്യത്തില്‍ നിയമ വിദഗ്ദ്ധര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്നും തിലക് ദേവാഷര്‍ ചൂണ്ടിക്കാട്ടി. ആണവായുധ രാജ്യമായ പാക്കിസ്ഥാന് ഒരു സൈനിക മേധാവിയോ ആണവ കമാന്‍ഡ് അതോറിറ്റിയുടെ ചുമതലയുള്ള ഒരാളോ ഇല്ലാതെ പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വ്യക്തമാക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page