തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ നല്‍കിയ മാനഷ്ടക്കേസില്‍ തര്‍ക്ക ഹര്‍ജി സമര്‍പ്പിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കടകംപള്ളി സുരേന്ദ്രന്‍ നല്‍കിയ മാനനഷ്ട ഹര്‍ജി തികച്ചും രാഷ്ട്രീയ സ്വഭാവമുള്ളതാണെന്നും ഒക്ടോബര്‍ എട്ടിന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ കാര്യത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് സമര്‍പ്പിച്ച തര്‍ക്ക ഹര്‍ജിയില്‍ പറയുന്നു. തിരുവനന്തപുരം രണ്ടാം സെക്കന്‍ഡ് അഡീഷണല്‍ സബ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ മറുപടി സമര്‍പ്പിക്കാന്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സമയം ആവശ്യപ്പെട്ടിരുന്നു. നേരത്തെ അഭിഭാഷകന്റെ അപേക്ഷ പരിഗണിച്ച് രണ്ട് പ്രാവശ്യം കേസ് പരിഗണിക്കുന്നത് മാറ്റി വച്ചിരുന്നു.
പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിനെതിരെ കടകംപള്ളി സുരേന്ദ്രന്‍ സമര്‍പ്പിച്ച മാനനഷ്ട ഹര്‍ജിയില്‍ പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും, വിഡി സതീശന്‍ ഇനി ഇത്തരത്തില്‍ വാര്‍ത്താസമ്മേളനം നടത്താന്‍ പാടില്ലെന്നുമുള്ള ആവശ്യങ്ങള്‍ ഉയര്‍ത്തിയിരുന്നു. ശബരിമല സ്വര്‍ണകൊള്ള വിവാദത്തില്‍ ഇക്കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വിഡി സതീശന്‍ കടകംപള്ളി സുരേന്ദ്രനെതിരായ പരാമര്‍ശം നടത്തിയത്. പിന്നാലെയാണ് വിഡി സതീശനെതിരെ കടകംപള്ളി സുരേന്ദ്രന്‍ മാനനഷ്ട കേസുമായി കോടതിയെ സമീപിച്ചത്.
ശബരിമലയിലെ ദ്വാരപാലക ശില്‍പം ഇതര സംസ്ഥാനക്കാരനായ കോടീശ്വരന് വിറ്റുവെന്നും ആര്‍ക്കാണ് വിറ്റതെന്ന് അന്ന് ദേവസ്വം മന്ത്രിയായ കടകംപള്ളിയോട് ചോദിച്ചാല്‍ അറിയാമെന്നുമായിരുന്നു വിഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. എന്നാല്‍, മാനനഷ്ട കേസിനുശേഷവും പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന നിലപാടിലായിരുന്നു വിഡി സതീശന്‍. ഇക്കാര്യം കഴിഞ്ഞ ദിവസം കോടതിയില്‍ വിഡി സതീശന് വേണ്ടി ഹാജരായ അഭിഭാഷകനും വാക്കാല്‍ അറിയിച്ചിരുന്നു. ഇതോടെയാണ് കേസ് ഡിസംബര്‍ ഒന്നിലേക്ക് മാറ്റിയത്. ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ വിഡി സതീശന്‍ തര്‍ക്ക ഹര്‍ജി നല്‍കുകയും ചെയ്തു.
വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ വിഷയം ചര്‍ച്ചയാകുമെന്നും സ്വര്‍ണകൊള്ളക്ക് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും സതീശന്‍ പറഞ്ഞു. ദ്വാരപാലക ശില്‍പം ഏത് കോടീശ്വരന് കൊടുത്തുവെന്ന് കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കണമെന്നാണ് താന്‍ പറഞ്ഞത്. അതിന് അദ്ദേഹം രണ്ട് കോടി നഷ്ടപരിഹാരം ചോദിച്ച് നോട്ടീസ് അയച്ചു. നോട്ടീസിന് താന്‍ മറുപടി നല്‍കുകയും ചെയ്തു. എന്നാല്‍, മാനനഷ്ട കേസ് കോടതിയില്‍ എത്തിയപ്പോള്‍ തുക പത്തു ലക്ഷമായി കുറഞ്ഞെന്നും വിഡി സതീശന്‍ പറഞ്ഞു.
കേസ് കോടതിയിലെത്തിയപ്പോഴേക്കും മുന്‍ ദേവസ്വം പ്രസിഡന്റുമാരായ വാസുവും പത്മകുമാറും അറസ്റ്റിലായിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയെ അവരുടെ അടുത്തേക്ക് അയച്ചത് ആരാണെന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ അവര്‍ മൊഴി നല്‍കിയിട്ടുണ്ട്. കടകംപള്ളിയും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായിട്ടുള്ള ബന്ധത്തിന്റെ തെളിവുണ്ടെന്നും തനിക്കെതിരെ കേസ് വരുമ്പോള്‍ അത് ഹാജരാക്കുമെന്നും വിഡി സതീശന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
മാത്രമല്ല, ശബരിമല സ്വര്‍ണകൊള്ളയില്‍ സിപിഎമ്മിന് പങ്കുണ്ടെന്നും ഇനിയും ഒരുപാട് ആളുകള്‍ ജയിലിലേക്ക് പോകുമെന്നും കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ചിരുന്നു. രണ്ട് പ്രധാന നേതാക്കള്‍ അറസ്റ്റിലായിട്ടും അവര്‍ക്കെതിരെ പാര്‍ട്ടി ഒരു നടപടി പോലും എടുക്കാതിരുന്നത് ഉന്നത സിപിഎം നേതാക്കള്‍ ജയിലിലാകുമെന്ന ഭയത്താലാണെന്നും സതീശന്‍ ആരോപിച്ചിരുന്നു.







