നാരായണന്‍ പേരിയ
നരേന്ദ്രനാഥ ദത്ത എന്ന യുവാവ് ശ്രീരാമകൃഷ്ണ പരമഹംസനോട് ചോദിച്ചു; എല്ലാവരും അവരവരുടെ കര്‍മ്മഫലം അനുഭവിക്കും എന്നാണല്ലോ പറയപ്പെടുന്നത്. നല്ലത് ചെയ്താല്‍ നല്ല ഫലം കിട്ടും. ചീത്ത ചെയ്താല്‍ ചീത്ത- അനന്തര ഫലം. എന്നാല്‍, ഒരു തെറ്റും ചെയ്തിട്ടില്ലാത്തവര്‍ക്കും ദുരനുഭവങ്ങളുണ്ടാകാറുണ്ടല്ലോ, അതെന്ത് കൊണ്ട്?
ഗുരുനിര്‍ദ്ദേശിച്ചു: ‘നരേന്ദ്രാ, നീ നാടു മുഴുവന്‍ ചുറ്റി സഞ്ചരിക്കുക. നാട്ടിലെ സ്ഥിതിഗതികള്‍ നേരിട്ട് മനസ്സിലാക്കുക’.
നരേന്ദ്രന്‍ ദേശാടനത്തിന് പുറപ്പെട്ടു. പല പേരുകളില്‍ സഞ്ചരിച്ചു. പഴയതിരുവിതാംകൂറിലുമെത്തി, കന്യാകുമാരിയിലും. ഒടുവില്‍ അമേരിക്കയിലെ ചിക്കാഗോവില്‍ ലോകമതമഹാസമ്മേളനത്തില്‍ പങ്കെടുത്തു. അങ്ങോട്ട് കപ്പല്‍ കയറുമ്പോള്‍ പേര് വിവേകാനന്ദന്‍.
ഗുജറാത്തില്‍ ജനിച്ച മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ലണ്ടനില്‍പ്പോയി പഠിച്ച് ബാരിസ്റ്റര്‍ പരീക്ഷ ജയിച്ച് വക്കീലായി, ഒരു ഗുജറാത്തി സേട്ടിന്റെ വക്കാലത്തെടുത്ത് ദക്ഷിണാഫ്രിക്കയില്‍ പോയി. വര്‍ണ്ണ വിവേചനത്തിന്റെ ദുരവസ്ഥകള്‍ അനുഭവിച്ച ശേഷം നാട്ടില്‍ തിരിച്ചെത്തി. ഗോപാല കൃഷ്ണ ഗോഖലെയെ കണ്ടു. ഇന്ത്യന്‍നാഷണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് കൊളോണിയലിസത്തിനെതിരെ പോരാടാന്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞു. ഗോഖലെ ഉപദേശിച്ചു. ‘ആദ്യം ഇന്ത്യയെ അറിയുക’ മോഹന്‍ദാസ് ദേശ സഞ്ചാരം നടത്തി. സത്യാഗ്രഹം എന്ന പുതിയ സമരമുറയ്ക്ക് നേതൃത്വം നല്‍കി. മഹാത്മാഗാന്ധിയായി. രാഷ്ട്രപിതാവായി.
നാട് ചുറ്റി നടന്നാലേ നാടിന്റെ അവസ്ഥ മനസ്സിലാക്കാന്‍ കഴിയൂ. നാട്ടുകാരുടെ ഇല്ലായ്മകളും വല്ലായ്മകളും അറിയൂ. നാട്ടുകാര്‍ക്ക് എന്തുവേണം? അത് എങ്ങനെ ലഭ്യമാക്കാം? നമ്മുടെ മന്ത്രിമാര്‍ക്കും ഉണ്ടാകണം. ഈ അവബോധം. കേന്ദ്ര- സംസ്ഥാന മന്ത്രിമാര്‍, ഭരണ നിര്‍വ്വഹണം വഹിക്കുന്ന ഉദ്യോഗസ്ഥന്മാര്‍, ന്യായാധിപന്മാര്‍- രാഷ്ട്രപതി അടക്കം എല്ലാവര്‍ക്കും നാട്ടറിവ് ഉണ്ടാകണം. ജഡ്ജിമാര്‍ക്കും.
ഇത്രയും ആമുഖം.
നമ്മുടെ വിദ്യാഭ്യാസ മന്ത്രിയില്‍ നിന്നും ഉണ്ടാകാനിടയുള്ള ഒരു പ്രഖ്യാപനം ഇതായിരിക്കും. സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും പ്രീപ്രൈമറി തലം മുതല്‍ ഹയര്‍ സെക്കണ്ടറി തലം വരെ, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ‘കലാ-കായിക- പ്രവൃത്തി പരിചയ വിദ്യാഭ്യാസം നിര്‍ബന്ധമാക്കും’ വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണത്തിന് വിളമ്പേണ്ട വിഭവങ്ങള്‍ എന്തൊക്കെയാകണം, ഏത് ദിവസം എന്ത് വിളമ്പണം, ഏത് അളവില്‍- എന്ന് ഉത്തരവിറക്കിയിട്ട് എന്തുണ്ടായി? അധ്യാപകര്‍ക്ക് ശ്വാസം മുട്ടി; ചോറ്, ബിരിയാണി, നെയ്ച്ചോറ്, പായസം എന്നെല്ലാം പറഞ്ഞാല്‍പോരല്ലോ. അതുണ്ടാക്കാനുള്ള പണം എവിടെ? ആര് നല്‍കും? എപ്പോള്‍? പലചരക്ക് കടകളില്‍ കടം പറഞ്ഞാലൊക്കുമോ? എത്രകാലം കടം?
‘സാമ്പത്തിക പ്രതിസന്ധി’യിലാണ്രേത സര്‍ക്കാര്‍! ‘സന്ധി’യോട് ‘സന്ധി’ ചെയ്തിട്ടു പോരേ പരിഷ്‌ക്കാര പ്രഖ്യാപനം?
അത് തന്നെയാകും കലാ-കായിക- പ്രവൃത്തി പരിചയ വിദ്യാഭ്യാസം നിര്‍ബന്ധമാക്കുമ്പോഴും സംഭവിക്കുക.
കായിക വിദ്യാഭ്യാസം- ഓട്ടം, ചാട്ടം, ഏറ് തുടങ്ങിയവ കുട്ടികളെ പരിശീലിപ്പിക്കണം. കായികാധ്യാപകരെ നിയമിച്ചാല്‍ മാത്രം മതിയോ? അധ്യാപകരുടെ കണക്ക്- ഉള്ളതും ഇനി ഉണ്ടാകേണ്ടതും- എത്ര എന്ന കണക്ക് പത്രങ്ങളില്‍ കണ്ടു. യോഗ്യതയുള്ളവര്‍ക്ക് നിയമനോത്തരവ് നല്‍കിയാല്‍ ആപ്രശ്നം തീരും. എവിടെയാണ് ഓട്ടവും ചാട്ടവും മറ്റും അഭ്യസിക്കുക? ഭാഷകളും, കണക്കും, സയന്‍സും സാമൂഹ്യ പാഠവും പഠിപ്പിക്കുന്ന ക്ലാസ് മുറികളില്‍- (നിശ്ചിത അളവ് പറഞ്ഞിട്ടുണ്ട്)- കായിക പഠനം ക്ലാസ് മുറിയില്‍ നടത്താന്‍ കഴിയുമോ? പര്യാപ്തമായ മൈതാനം ഓരോ വിദ്യാലയ പരിസരത്തും ഉണ്ടാക്കണം. കുട്ടികളുടെ എണ്ണം, അഭ്യാസത്തിന്റെ സ്വഭാവം- രണ്ടും പരിഗണിക്കേണ്ടതുണ്ട്.ഷോട്പുട്ട് എന്ന ഉണ്ടയേറും ‘ജാവലിന്‍ത്രോ’ എന്ന കുന്തമേറും, ഓട്ടം, ചാട്ടം -എല്ലാറ്റിനും ഒരേ സ്ഥല വിസ്തൃതി പോരാ. അത്യാഹിത സാധ്യത ഒഴിവാക്കണം.
പ്രൈമറി വിദ്യാലയത്തിന് മൂന്നേക്കര്‍ സ്ഥലം. ഹൈസ്‌കൂളും അനുബന്ധമായി ഉണ്ടെങ്കില്‍ അഞ്ചേക്കര്‍ -എന്നാണ് പഴയ കണക്ക്. നമ്മുടെ സംസ്ഥാനത്തെ എത്ര വിദ്യാലയങ്ങളില്‍ ഉണ്ട് ഈ നിയമ പരിധിക്കകത്ത് സ്ഥലം? നിര്‍ദ്ദിഷ്ട സ്ഥലമില്ലെങ്കില്‍ വിദ്യാല്യത്തിന് അംഗീകാരം നല്‍കാന്‍ പാടില്ല. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്ന ബോര്‍ഡ് കണ്ട് അങ്ങോട്ട് കയറിനോക്കുക. എവിടെ പ്ലേഗ്രൗണ്ട്?
ജനുവരി-26 റിപ്പബ്ലിക്ക് ദിനം, ആഗസ്റ്റ് -15 സ്വാതന്ത്ര്യദിനം. ദേശീയ പ്രാധാന്യമുള്ള ആഘോഷദിനങ്ങളാണല്ലോ. ദേശീയ പതാക ഉയര്‍ത്തണം; അതിന് ചുവടെ വരിയായി നിന്ന് സെല്യൂട്ട് ചെയ്യണം; ദേശീയഗാനം ആലപിക്കണം. എത്ര വിദ്യാലയങ്ങളില്‍ മുറപ്രകാരം പതാക വന്ദനം നടത്തുന്നുണ്ട്?
കലാ-കായിക-പ്രവൃത്തി പരിചയങ്ങള്‍- കായിക പരിശീലന്തിന്റെ കാര്യം പറഞ്ഞു. കലാപഠനമോ? ചിത്ര രചന- അതിന് ബ്ലേക് ബോര്‍ഡ് മതി. ഗാനാലാപനമോ? ഒരു ക്ലാസില്‍ ഗാനാലാപനം അഭ്യസിപ്പിക്കുമ്പോള്‍ അടുത്ത ക്ലാസ് മുറിയില്‍ കണക്കോ, സയന്‍സോ പഠിപ്പിക്കുക! ഏകാഗ്രതയോടെ ശ്രദ്ധിക്കാന്‍ കഴിയുമോ? അധ്യാപകന്‍/ അധ്യാപിക പാടിക്കൊടുക്കും; കുട്ടികള്‍ ഏറ്റുപാടും. അടുത്ത ക്ലാസുമുറികളിലെ പഠനം അവതാളത്തിലാകും!
ലളിതഗാനം മാത്രം മതിയോ? ശാസ്ത്രീയ സംഗീതവും പഠിപ്പിക്കേണ്ടേ?താളമേളങ്ങള്‍?കൊട്ടും പഠിക്കണം. നൃത്ത നൃത്യങ്ങളോ? ഏതെല്ലാം നൃത്തങ്ങള്‍? സംഘനൃത്തങ്ങളോ? സകലകലാവല്ലഭന്മാര്‍/ വല്ലഭകള്‍- ആകണം അധ്യാപകര്‍. എങ്കിലേ സര്‍ക്കാരുത്തരവ് അക്ഷരാര്‍ത്ഥത്തില്‍ നിറവേറ്റാനാവുകയുള്ളൂ.
ആദ്യം സജ്ജമാക്കേണ്ടത് ഭൗതിക സാഹചര്യങ്ങള്‍. അല്ലെങ്കില്‍, ചുമരില്ലെങ്കിലും ചിത്രമെഴുതുന്ന മായാജാലം!








നാരായണൻ മാഷ്, നല്ല പൊതുവിജ്ഞാനത്തിൻ്റെ ഉടമ . അദ്ദേഹം പഠിപ്പിക്കുമ്പോൾ ഞാനും അവിടെ Student ആയിരുന്നു, ഇവിടെ ആമുഖവും തുടർന്നുള്ള വിവരണവും ഒരു പൊരുത്തമില്ലാത്തതുപോലെ തോന്നി ഒന്നുകിൽ മാഷിന് , അല്ലെങ്കിൽ എനിക്ക് ഒരുയക്കുഴപ്പം.