തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പുതിയ കാർ വാങ്ങുന്നതിനായി തുക അനുവദിച്ച് ധനവകുപ്പ്. 1.10 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചിരിക്കുന്നത്. നിലവിൽ ഉപയോഗിക്കുന്ന രണ്ട് വാഹനങ്ങൾക്ക് പകരം വാഹനം വാങ്ങാൻ ആണ് തുകയെന്നാണ് വിവരം. ഇപ്പോൾ കിയ കാര്‍ണിവല്‍ വാഹനത്തിലാണ് മുഖ്യമന്ത്രി സഞ്ചരിക്കുന്നത്. 2022 ലാണ് അവസാനമായി മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുത്തന്‍ വണ്ടികളെത്തിയത്. അന്ന് 33.30 ലക്ഷം രൂപയോളം മുടക്കിയാണ് കാർണിവലിന്റെ ഉയർന്ന വകഭേദമായ ലിമോസിൻ പ്ലസാണ് വാങ്ങിയത്. മൂന്ന് ഇന്നോവ ക്രിസ്റ്റ കാറുകളും ടാറ്റ ഹാരിയര്‍ കാറും വാങ്ങാനായിരുന്നു പദ്ധതി. എന്നാല്‍ ഈ ഉത്തരവ് പുതുക്കിയാണ് കിയ ലിമോസിന്‍ വാങ്ങിയത്. ഇന്നോവ ക്രിസ്റ്റയും ടാറ്റ ഹാരിയറും വാങ്ങാന്‍ 62.46 ലക്ഷം രൂപയാണ് അനുവദിച്ചത്. ഹാരിയര്‍ ഒഴിവാക്കിയാണ് കിയ ലിമോസിന്‍ വാങ്ങിയതോടെ ചെലവ് 88.69 ലക്ഷമായി ഉയര്‍ന്നിരുന്നു. 33.31 ലക്ഷം രൂപയാണ് കാര്‍ണിവലിന്‍റെ ചെലവ്. കഴിഞ്ഞ ഓഗസ്റ്റ് 19 മുതലാണ് സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം കടുപ്പിച്ചത്. 10 ലക്ഷം രൂപയിൽ കൂടുതലുള്ള ബില്ലുകൾ പാസാക്കാൻ ധനവകുപ്പിന്റെ പ്രത്യേക അനുമതി വേണം എന്നതായിരുന്നു പ്രധാന നിബന്ധന. ഇപ്പോൾ നാല് മാസമായിട്ടും ഈ നിയന്ത്രണം ഇപ്പോഴും തുടരുകയാണ്. അതിനിടെയാണ് ട്രഷറി നിയന്ത്രണത്തിൽ നിന്ന് ഇളവ് നൽകി മുഖ്യമന്ത്രിയുടെ വാഹനം വാങ്ങാനുള്ള 1.10 കോടി ഉടൻ ലഭ്യമാക്കാൻ ധനവകുപ്പ് തീരുമാനിച്ചത്.







