ആലപ്പുഴ: അഭിഭാഷകനായ മകൻ പിതാവിനെ വെട്ടിക്കൊന്നു. വെട്ടേറ്റ മാതാവ് ഗുരുതരാവസ്ഥയിൽ. സംഭവത്തിൽ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ടല്ലൂർ തെക്ക് പീടികച്ചിറയിൽ നവജിത്ത് (30) ആണു പിതാവ് നടരാജനെ (63) വെട്ടിക്കൊലപ്പെടുത്തിയത്. ഗുരുതരമായി പരിക്കേറ്റ മാതാവ് സിന്ധുവിനെ (48) മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി എട്ടര മണിയോടെയാണ് സംഭവം. മദ്യപിച്ചെത്തിയ നവജിത്ത് മാതാപിതാക്കളുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയായിരുന്നു. പ്രകോപിതനായ യുവാവ് തർക്കത്തിനിടെ ഇരുവരെയും വെട്ടുകത്തികൊണ്ടു വെട്ടുകയായിരുന്നു. ബഹളം കേട്ട പ്രദേശവാസികൾ എത്തിയപ്പോൾ നവജിത്ത് ചോരപുരണ്ട വെട്ടുകത്തിയുമായി വീടിനു പുറത്തു നിൽക്കുന്ന കാഴ്ചയാണ് കണ്ടത്. തുടർന്ന് വീടിനുള്ളിൽ കയറിനോക്കിയപ്പോഴാണു നടരാജനും സിന്ധുവും രക്തത്തിൽ കുളിച്ചുകിടക്കുന്നതു കണ്ടത്. ഇരുവരെയും ആദ്യം കായംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് മാവേലിക്കര സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും നടരാജൻ മരിച്ചു. മാതാപിതാക്കളെ വെട്ടിപ്പരിക്കേല്‍പ്പിച്ചശേഷം ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതിയെ പൊലീസ് സാഹസികമായാണ് പിടികൂടിയത്.







