കാസര്‍കോട്: കവിത മിഥുനക്കു പ്രാണവായുപോലെയാണ്. ശ്വാസമില്ലെങ്കില്‍ ജീവിക്കാനാവില്ലല്ലോ. അതുപോലെ കവിത ഇല്ലാതെ ജീവിക്കാനാവാത്ത സ്ഥിതിയിലാണ് ഉദുമ മാങ്ങാട് സ്വദേശിനിയായ മിഥുന മുകേഷ്.
ഈ മാസം അഞ്ചിന് മിഥുന ഒരു മണിക്കൂറിനുള്ളില്‍ 93 ചെറുകവിതകള്‍ എഴുതിയാണ് ഇന്ത്യാബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ കയറിയെത്തിയത്. അതിവേഗ കവിതാ രചനയില്‍ മിഥുന ഈ അംഗീകാരത്തിലൂടെ സംസ്ഥാന തലത്തില്‍ ശ്രദ്ധേയയായി. സാഹിത്യലോകത്തിന്റെ പുതിയ ഉയരങ്ങള്‍ കടക്കാന്‍ ഉള്ള ശ്രമത്തിലാണ് മിഥുന. മാങ്ങാട്ടെ കൃഷ്ണന്റെയും മീനയുടെയും മകളാണ് മിഥുന. ഭര്‍ത്താവ്: മുകേഷ്. മകന്‍ ഇശല്‍ മുകേഷ്. കണ്ണന്‍, മിഥുന്‍ എന്നിവര്‍ സഹോദരന്മാരാണ്.
ഡിഗ്രി വിദ്യാഭ്യാസം നേടിയ മിഥുന വീട്ടിനടുത്തെ അണിഞ്ഞ വായനശാല ലൈബ്രേറിയനാണ്. ഭാവനകളെയും സ്വപ്‌നങ്ങളെയും താലോലിക്കുന്ന മിഥുന എന്തുജോലി ചെയ്യുമ്പോഴും മനസ്സില്‍ കവിത നെയ്തു കൊണ്ടിരിക്കും. ജീവിതത്തിന്റെയും സ്‌നേഹത്തിന്റെയും മാനവികതയുടെയും സ്വപ്‌ന ദര്‍ശനങ്ങള്‍ മനസിലൂടെ മിന്നല്‍പ്പിണര്‍ പോലെ കടന്നു പോവുമ്പോള്‍ അത് ഓര്‍മ്മയിലും കടലാസിലും കുറിച്ചു വയ്ക്കുന്നതാണ് രീതി. ഒരു മണിക്കൂറില്‍ 90 ചെറുകവിതകള്‍ രചിക്കുക എന്നത് അതുല്യ പ്രതിഭകള്‍ക്കു പോലും ആയാസകരമാണ്. അതു മിഥുന അനായാസം നിര്‍വ്വഹിച്ചു ദേശീയ അംഗീകാരം നേടിയെടുക്കുകയായിരുന്നു. 2022ല്‍ 84 കവിതകള്‍ രചിച്ചു ഇവര്‍ കേരള ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ കടന്നിരുന്നു. അതിനു മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡ് സമ്മാനിക്കുകയും ചെയ്തിരുന്നതായി മിഥുന അനുസ്മരിക്കുന്നു.







