കുമ്പള: തിരഞ്ഞെടുപ്പു രംഗം ചൂടുപിടിച്ചുകൊണ്ടിരിക്കെ കുമ്പള പഞ്ചായത്തില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളും ജില്ലാ നേതൃത്വവും തമ്മില്‍ പോരാട്ടം കടുത്തു. ജില്ലാ പ്രസിഡന്റ് പി കെ ഫൈസല്‍ കുമ്പള 18-ാം വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സമീറയെയും സമീറയെ സഹായിക്കുന്ന കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയും ഭര്‍ത്താവുമായ റിയാസിനെയും പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയതായി അറിയിച്ചു.
മുളിയടുക്കയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിക്കുന്ന ലീഗ് റിബല്‍ സ്ഥാനാര്‍ത്ഥിയെ സഹായിക്കുന്നെന്നാരോപിച്ചു ഇതേ വാര്‍ഡിലെ കോണ്‍ഗ്രസ് പ്രാദേശിക നേതാവായ കേശവനെയും കോണ്‍ഗ്രസിന്റെ പ്രാഥമാകികാംഗത്വത്തില്‍ നിന്നു പുറത്താക്കിയിട്ടുണ്ട്. ഇതോടെ രണ്ടു വാര്‍ഡിലും റിബലുകളുടെയും സഹായികളുടെയും തിരഞ്ഞെടുപ്പു പ്രചരണം കൂടുതല്‍ ശക്തിപ്പെട്ടു. കോണ്‍ഗ്രസിന്റെ സ്ഥിരം സീറ്റായിരുന്ന ബത്തേരി വാര്‍ഡ് വിഭജിച്ചുണ്ടാക്കിയ വാര്‍ഡാണ് റയില്‍വേ സ്‌റ്റേഷന്‍ വാര്‍ഡ്. ഈ വാര്‍ഡില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ച സമീറ ഇത്തവണയും മത്സരത്തിനു സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും അതിനു മുമ്പു ലീഗ് സ്ഥാനാര്‍ത്ഥി വാര്‍ഡ് ഏറ്റെടുക്കുകയോ കോണ്‍ഗ്രസ് നേതൃത്വം അവരുടെ സ്വന്തം വാര്‍ഡ് ലീഗിന് അടിയറ വയ്ക്കുകയോ ആയിരുന്നെന്നു സംസാരമുണ്ട്. ഇതില്‍ പ്രതിഷേധിച്ചാണ് സമീറ വീണ്ടും മത്സരരംഗത്തു സജീവമായിട്ടുള്ളത്.
ഈ വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി യു ഡി എഫിന്റെ റിബലാണെന്നാരോപിച്ച് അതിനു പകരമായി കോണ്‍ഗ്രസ് മത്സരിക്കുന്ന മുളിയടുക്കം വാര്‍ഡില്‍ ലീഗ് അംഗവും പത്രിക നല്‍കുകയായിരുന്നു. ആ സ്ഥാനാര്‍ത്ഥിക്കുവേണ്ടി കോണ്‍ഗ്രസ് നേതാവ് കേശവന്‍ സജീവമായി രംഗത്തിറങ്ങുകയായിരുന്നുവത്രെ.
കുമ്പളയില്‍ കോണ്‍ഗ്രസുകള്‍ തമ്മിലും കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വവും ജില്ലാ നേതൃത്വവും തമ്മിലും കടുത്ത മത്സരത്തിലാണെന്നു പ്രവര്‍ത്തകര്‍ പറയുന്നു. ഇതില്‍ ആരു ജയിച്ചാലും തോറ്റാലും കോണ്‍ഗ്രസിന്റെ തകര്‍ച്ച പഞ്ചായത്തില്‍ ഈ തിരഞ്ഞെടുപ്പു ഫലത്തോടെ പൂര്‍ത്തിയാവുമെന്നു പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.







