കാൺപുർ: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ശ്രീപ്രകാശ് ജയ്‌സ്വാൾ അന്തരിച്ചു. 81 വയസ്സായിരുന്നു. അസുഖത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. സിവിൽ ലൈൻസ് ഏരിയയിലെ വസതിയിൽ വച്ച് അദ്ദേഹത്തിന്റെ നില പെട്ടെന്ന് വഷളാവുകയായിരുന്നു. കുടുംബാംഗങ്ങൾ ഉടനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. 2004-2014 കാലയളവിൽ മൻമോഹൻ സിങ് മന്ത്രിസഭയിൽ ആഭ്യന്തരസഹമന്ത്രിയായും കൽക്കരി മന്ത്രാലയത്തിന്റെ ചുമതലയും വഹിച്ചിരുന്നു. ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദേശീയ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് 1989 ൽ കാൺപൂർ മേയറായി ചുമതലയേറ്റു. 1999, 2004, 2009 കാലയളവിൽ കാൻപുരിൽനിന്ന് ലോക്‌സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെ സജീവരാഷ്ട്രീയത്തിൽനിന്ന് പിൻമാറി. ശ്രീപ്രകാശിന്റെ നിര്യാണത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അടക്കമുള്ള നേതാക്കൾ അനുശോചിച്ചു.







