കാസര്‍കോട്: യൂറോപ്പിലേക്ക് വിസവാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് പണം തട്ടിയ ഉല്ലാസ് കുഞ്ഞമ്പു എന്ന ഉല്ലാസ് കൃഷ്ണ(40)നെതിരെ വീണ്ടും കേസ്. നീലേശ്വരം പേരോല്‍ സ്വദേശിയുടെ 498000 രൂപ തട്ടിയതായി പരാതി. പേരോല്‍ പഴനെല്ലി സ്വദേശി ടി ശശീധര(67)ന്റെ പരാതിയില്‍ നീലേശ്വരം പൊലീസ് കേസെടുത്തു. ഉല്ലാസ് കൃഷ്ണന്‍, ഭാര്യ രേഷ്മ, നീലേശ്വരത്തെ ശരത് മോഹന്‍, മിഥുന്‍ എന്നിവര്‍ക്കെതിരെയാണ് വഞ്ചനാ കുറ്റത്തിന് കേസെടുത്തത്. ശശീധരന്റെ മകന് വേണ്ടിയാണ് വിസയ്ക്ക് സംഘത്തെ സമീപിച്ചത്. 2022 ഒക്ടോബര്‍ 24നും ഡിസംബര്‍ 22 നും ഇടയില്‍ നേരിട്ടും ബാങ്ക് അക്കൗണ്ട് വഴിയും അഞ്ചുലക്ഷത്തോളം രൂപ വാങ്ങിയെന്നും പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വിസയോ പണമോ തിരിച്ചു നല്‍കാതെ ചതിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. നിരവധി സമാനമായ പരാതികളില്‍ കഴിഞ്ഞ ആഴ്ച ബംഗളൂരുവില്‍ നിന്നാണ് ഉല്ലാസിനെ പൊലീസ് പിടികൂടിയത്. ഇപ്പോള്‍ പ്രതി റിമാന്റിലാണ്. നീലേശ്വേരം പാലക്കാട് സ്വദേശിയാണ് ഉല്ലാസ്.







