ബെയ്ജിങ്: ചൈനയിലെ യുനാൻ പ്രവിശ്യയിലെ കുന്മിങ് പട്ടണത്തിൽ പരീക്ഷണയോട്ടം നടത്തുകയായിരുന്ന ട്രെയിൻ ഇടിച്ച് 11 റെയിൽവേ ജീവനക്കാർ മരിച്ചു. രണ്ടു ജീവനക്കാർക്ക് സാരമായി പരിക്കേറ്റു. കുന്മിങ് റെയിൽവേ ഗ്രൂപ്പ് കമ്പനിയാണ് അപകട വിവരം പങ്കുവെച്ചത്. ഭൂചലനങ്ങൾ രേഖപ്പെടുത്തുന്നതിനായി സ്ഥാപിച്ച ഉപകരണങ്ങളുടെ പ്രവർത്തനം പരീക്ഷിക്കുന്നതിനായാണ് ട്രെയിൻ ഓടിച്ചത്. ഈ ട്രെയിൻ കുന്മിങ് പട്ടണത്തിനരികിലെ ട്രാക്കിൽ വച്ച് നിർമാണത്തൊഴിലാളികളെ ഇടിക്കുകയായിരുന്നു. വളഞ്ഞ ട്രാക്ക് ആയതിനാൽ അപ്രതീക്ഷിതമായി ട്രെയിൻ എത്തിയത് തൊഴിലാളികളുടെ ശ്രദ്ധയിൽ പെട്ടില്ല. സംഭവത്തിൽ അധികൃതർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു ദശാബ്ദത്തിനിടെ ചൈനയിലുണ്ടായ ഏറ്റവും വലിയ ട്രെയിൻ അപകടമാണിത്. ചൈന ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ ശൃംഖലകളിലൊന്നാണ് നടത്തുന്നത്. സമീപ ദശകങ്ങളിൽ അപകടങ്ങൾ കുറഞ്ഞെങ്കിലും സമീപകാലത്തും നിരവധി ഗുരുതരമായ റെയിൽവേ അപകടങ്ങൾ ഇവിടെ സംഭവിച്ചിട്ടുണ്ട്.






