കാസര്‍കോട്: രാഹുല്‍മാങ്കൂട്ടത്തില്‍ വിഷയത്തില്‍ ആഞ്ഞടിച്ച് കാസര്‍കോട് എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. നാറിയവനെ പേറിയാല്‍ പേറിയവനും നാറുമെന്ന് രാഹുലിലെ അനുകൂലിക്കുന്നവരെ ലക്ഷ്യം വച്ച് ഉണ്ണിത്താന്‍ പറഞ്ഞു. വടികൊടുത്തു അടിവാങ്ങുകയായിരുന്നു രാഹുല്‍. വലിയഭാവി ഉണ്ടായിരുന്ന യുവനേതാവ് പാര്‍ട്ടിയെ വെല്ലുവിളിച്ചത് ശരിയല്ല- ഉണ്ണിത്താന്‍ പറഞ്ഞു.
എന്നാല്‍ രാഹുലിനെതിരെ നേരത്തെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നുവെന്ന് മുന്‍ കെ പി സി സി പ്രസിഡണ്ട് കെ മുരളീധരന്‍ പറഞ്ഞു. എം എല്‍ എ സ്ഥാനം രാജിവയ്ക്കണോയെന്ന് രാഹുല്‍ ആണ് തീരുമാനിക്കേണ്ടതെന്നും മുരളീധരന്‍ പറഞ്ഞു.
അതേസമയം ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതോടെ രാഹുല്‍മാങ്കൂട്ടത്തില്‍ ഒളിവില്‍ പോയി. ഫോണ്‍ റിംഗ് ചെയ്യുന്നുണ്ടെങ്കിലും പ്രതികരിക്കുന്നില്ല. അജ്ഞാത കേന്ദ്രത്തില്‍ കഴിയുന്ന രാഹുല്‍ മുന്‍കൂര്‍ ജാമ്യത്തിനുശ്രമിക്കുന്നതായാണ് സൂചന.
രാഹുലിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് വലിയമല പൊലീസ് കേസെടുത്തത്. കേസ് നേമം പൊലീസിനു കൈമാറി. ലൈംഗിക പീഡനം, ഗര്‍ഭഛിദ്രത്തിനു പ്രേരണ, വധഭീഷണി എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷം അറസ്റ്റ് അടക്കമുള്ള നടപടികളിലേയ്ക്ക് കടക്കാനാണ് പൊലീസിന്റെ തീരുമാനം.
പീഡനത്തിനു ഇരയായ പെണ്‍കുട്ടി വ്യാഴാഴ്ച സെക്രട്ടറിയേറ്റില്‍ എത്തിയാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.
നിയമം, അതിന്റെ വഴിക്കു പോകട്ടെയെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ റിമാന്റിലായ സി പി എം നേതാക്കള്‍ക്കെതിരെ ആ പാര്‍ട്ടി എന്തു നടപടിയെടുത്തുവെന്നും അദ്ദേഹം ആരാഞ്ഞു.





