പാലക്കാട്: യുവതി ലൈംഗിക പീഡന പരാതി നല്‍കിയതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ കേരളംവിട്ടെന്ന് സൂചന. രാഹുലിന്റെ മൂന്ന് നമ്പരും രണ്ട് സഹായികളുടെ നമ്പരും വ്യാഴാഴ്ച വൈകീട്ടു മുതല്‍ സ്വിച്ച് ഓഫാണ്. ആരെയും രാഹുല്‍ പിന്നീട് ബന്ധപ്പെട്ടിട്ടില്ല. വീടിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിമാന മാര്‍ഗം വിദേശകടക്കാനുള്ള സാധ്യതയും പൊലീസ് തളളിക്കളയുന്നില്ല. രാഹുലിനെ കണ്ടെത്തുന്നതിനായി പൊലീസ് ലുക്കൗട്ട് നോട്ടീസിറക്കും. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ തിരുവനന്തപുരം വലിയമല പൊലീസ് സ്റ്റേഷനിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കേസ് നേമം പൊലീസ് സ്റ്റേഷനിലേക്ക് കൈമാറും. ഗര്‍ഭച്ഛിദ്രത്തിന് മരുന്ന് എത്തിച്ച രാഹുലിന്റെ സുഹൃത്തിനെയും പ്രതിചേര്‍ക്കും. മൂന്ന് സ്ഥലത്തുവച്ചാണ് യുവതിയെ രാഹുല്‍ പീഡിപ്പിച്ചതെന്നു എഫ് ഐ ആറിലുണ്ട്. യുവതിയുടെ നഗ്‌നദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ഇത് കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് എഫ്‌ഐആറില്‍ പറയുന്നു. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു, നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തി എന്നീ കുറ്റങ്ങളാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയിരിക്കുന്നത്. ബിഎന്‍എസ് 89 വകുപ്പ് പ്രകാരം 10 വര്‍ഷം തടവ് കിട്ടാവുന്ന കുറ്റമാണ് നിര്‍ബന്ധിത ഭ്രൂണഹത്യ. യുവതിയുടെ പരാതിയില്‍ രണ്ടുപേരെ പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരം റൂറല്‍ എസ് പിക്കാണ് കേസിന്റെ അന്വേഷണ ചുമതല. കേസില്‍ പരാതിക്കാരിയായ അതിജീവിതയുടെ മൊഴി വ്യാഴാഴ്ച രാത്രി രേഖപ്പെടുത്തിയിരുന്നു.







