കാസര്‍കോട്: ബന്തിയോട്, ഷിറിയയില്‍ വിജനമായ സ്ഥലത്തെ കിണറ്റില്‍ വീണ കാട്ടുപന്നിയെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. ബുധനാഴ്ച രാവിലെ എട്ടുമണിയോടെയാണ് ഷിറിയ പെട്രോള്‍ പമ്പിനു സമീപത്തെ ആള്‍മറയില്ലാത്ത കിണറില്‍ കാട്ടുപന്നി വീണു കിടക്കുന്നത് നാട്ടുകാര്‍ കണ്ടത്. ഉടന്‍ ഉപ്പള ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചു. സീനിയര്‍ ഫയര്‍മാന്‍ റഫീഖ്, ഫയര്‍മാന്മാരായ പശുപതി, അഭിജിത്ത്, ഡ്രൈവര്‍ സുഫൈല്‍, ഹോംഗാര്‍ഡ് സുരേഷ് കെ കെ പി എന്നിവര്‍ സ്ഥലത്തെത്തി. വല ഉപയോഗിച്ച് പന്നിയെ കിണറ്റിനു പുറത്തെടുത്ത ഉടന്‍ പന്നി ജീവനും കൊണ്ടോടി രക്ഷപ്പെട്ടു. ഷിറിയയിലും പരിസര പ്രദേശങ്ങളിലും കാട്ടു പന്നി ശല്യം രൂക്ഷമാണെന്നു നാട്ടുകാര്‍ പറഞ്ഞു.






