ഇസ്ലാമാബാദ്: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത നിഷേധിച്ച് അഡിയാല ജയില്‍ അധികൃതര്‍. ഇമ്രാന്‍ ഖാന്‍ സുഖമായും ആരോഗ്യത്തോടെയും ഇരിക്കുന്നു എന്ന് ജയില്‍ അധികൃതര്‍ അവകാശപ്പെട്ടു. ജയിലില്‍ നിന്നും അദ്ദേഹത്തെ എവിടേക്കും മാറ്റിയിട്ടില്ലെന്നും മുന്‍പ്രധാനമന്ത്രിക്ക് മികച്ച ആരോഗ്യപരിചരണം ലഭിക്കുന്നുണ്ടെന്നും ജയില്‍ അധികൃതര്‍ പ്രസ്താവനയിലൂടെയാണ് അറിയിച്ചത്. 14 വര്‍ഷം തടവ് ശിക്ഷ ലഭിച്ച് ജയിലില്‍ കഴിയുന്ന ഇമ്രാന്‍ ഖാനെ സന്ദര്‍ശിക്കുന്നതിന് സഹോദരിമാര്‍ക്ക് അനുമതി നിഷേധിച്ചു എന്ന ആരോപണത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ മരണ വാര്‍ത്ത സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചത്. ദുരൂഹമായി കൊല്ലപ്പെട്ടു എന്നും ഇമ്രാം ഖാന്റെ മൃതദേഹം ജയിലില്‍ നിന്ന് മാറ്റിയെന്നും അഫ്ഗാനിസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തതോടെ അഭ്യൂഹങ്ങള്‍ ശക്തമായി. ഇതേ തുടര്‍ന്ന് ഇമ്രാന്റെ സഹോദരിമാരായ നൂറിന്‍ ഖാന്‍ (നിയാസി), അലീമ ഖാന്‍, ഉസ്മ ഖാന്‍ എന്നിവര്‍ അഡിയാല ജയിലിന് പുറത്ത് പ്രതിഷേധം നടത്തി. കോടതി ഉത്തരവുണ്ടായിട്ടും ഇമ്രാനെ കാണാന്‍ അനുവദിക്കുന്നില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഇത്. പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കുകയും മര്‍ദിക്കുകയും ചെയ്തത് അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടിയിരുന്നു. ജയിലിന് പുറത്ത് പ്രതിഷേധിച്ച ഇമ്രാന്‍ ഖാന്റെ സഹോദരിമാര്‍ക്ക് അദ്ദേഹത്തെ കാണാന്‍ അനുമതി ലഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.







