കാസർകോട്: ബസിൽ നിന്നും കളഞ്ഞു കിട്ടിയ സ്വർണ്ണ കൈചെയിൻ ഉടമസ്ഥയ്ക്ക് തിരികെ നൽകി ജീവനക്കാർ മാതൃകയായി. വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെയാണ് കുമ്പളയിൽ നിന്നും ധർമ്മത്തടുക്കയിലേക്ക് പോവുകയായിരുന്ന മഹാലക്ഷ്മി ബസിൽ വച്ച് പ്ലസ് ടു വിദ്യാർഥിനിയുടെ കൈ ചെയിൻ നഷ്ടപ്പെട്ടത്. അലീമത്ത് ഷംനയുടെ ഒരു പവൻ തൂക്കം വരുന്ന കൈ ചെയിൻ ആണ് യാത്രക്കിടെ നഷ്ടമായത്. നായ്കാപ്പിൽ ബസ് ഇറങ്ങി വീട്ടിലേക്ക് പോകുമ്പോഴാണ് സ്വർണ്ണം നഷ്ടപ്പെട്ട വിവരം വിദ്യാർത്ഥിനി അറിയുന്നത്. അതിനിടെ ബസിൽ നിന്നും ജീവനക്കാർക്ക് കൈചെയിൻ കളഞ്ഞു കിട്ടിയിരുന്നു. ഡ്രൈവർ ധർമ്മത്തടുക്ക ബാളിഗയിലെ സോമനാഥ്, കണ്ടക്ടർ മുഗുവിലെ ആഷിക് എന്നിവർ സോഷ്യൽ മീഡിയയിൽ സന്ദേശം അയച്ച് ഉടമസ്ഥനെ തിരഞ്ഞിരുന്നു. വിവരമറിഞ്ഞ് വൈകിട്ട് ആറുമണിയോടെ വിദ്യാർഥിനി സ്വർണ്ണം ഏറ്റുവാങ്ങാൻ എത്തി. കുമ്പള പൊലീസ് സ്റ്റേഷനിൽ വച്ച് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഉടമസ്ഥയ്ക്ക് ജീവനക്കാർ കൈചെയിൻ തിരികെ ഏൽപ്പിച്ചു. കഴിഞ്ഞവർഷം ഇതേ ബസ്സിൽ വച്ച് 2 ലക്ഷം രൂപ ജീവനക്കാർക്ക് കളഞ്ഞു കിട്ടിയിരുന്നു. ഇതേ ജീവനക്കാർ തന്നെ ഉടമസ്ഥനെ തേടിപ്പിടിച്ച് പണം തിരികെ ഏൽപ്പിച്ച് മാതൃകയായിരുന്നു. ബസ് ജീവനക്കാരുടെ മാതൃകാപരമായ സത്യസന്ധതയെ നാട്ടുകാരും പൊലീസ് ഉദ്യോഗസ്ഥരും അഭിനന്ദിച്ചു.







