കാസര്‍കോട്: ചെറുവത്തൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ റോഡില്‍ ദേശീയപാതയില്‍ കര്‍മസമിതി കെട്ടിയ സമരപന്തല്‍ പൊലീസ് പൊളിച്ചു നീക്കി. വലിയ വീതിയില്‍ അണ്ടര്‍ പാസേജ് പണിയണമെന്നാവശ്യപ്പെട്ടാണ് കഴിഞ്ഞ 15 ദിവസത്തിലധികമായി കര്‍മസമിതി ഇവിടെ സമരം നടത്തിവന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് സമരക്കാര്‍ എല്ലാവരും പോയിക്കഴിഞ്ഞ ശേഷമാണ് ഒരുബസ് പൊലീസ് സംഘം സ്ഥലത്തെത്തി പന്തലും മറ്റും പൊളിച്ചു നീക്കിക്കൊണ്ടുപോയത്. പൊലീസ് നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. ഡിസംബര്‍ ഒന്നാം തിയതി മുതല്‍ റിലേ നിരാഹാരസമരം നടത്തുമെന്ന് കഴിഞ്ഞ ദിവസം കര്‍മസമിതി പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ പൊലീസെത്തി സമരപന്തല്‍ പൊളിച്ചുമാറ്റിയത്. വളരെ സമാധാനപരമായി നടത്തുന്ന ഈ ജനാധിപത്യ സമരത്തെ പരാജയപ്പെടുത്താനുള്ള ശ്രമം പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായെന്നാണ് ആരോപണം. ഒരുതരത്തിലുമുള്ള മുന്നറിയിപ്പുമില്ലാതെയാണ് പൊലീസ് ഈ നീക്കം നടത്തിയെതെന്നാണ് സമരസമിതി പറയുന്നത്. വിവരത്തെ തുടര്‍ന്ന് സമരസമിതി പ്രവര്‍ത്തകരും നാട്ടുകാരും സ്ഥലത്ത് തടിച്ചുകൂടിയിട്ടുണ്ട്. പൊലീസും സ്ഥലത്തു തുടരുന്നുണ്ട്. വലിയ സംഘര്‍ഷാവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുമോ എന്ന സംശയമുണ്ട്. പൊലീസുകാരുടെ നടപടിയില്‍ സമരക്കാരില്‍ കടുത്ത അമര്‍ഷമുണ്ട്. സമരപന്തല്‍ ഇനിയും ഉയര്‍ത്തി സമരം തുടരുമെന്ന് കര്‍മസമിതി പറയുന്നു. എന്ത് നടപടിയുണ്ടായാലും സമരം ശക്തമാക്കുമെന്ന് ഭാരവാഹി മുകേഷ് ബാലകൃഷ്ണന്‍ പറഞ്ഞു.







