കാസര്‍കോട്: ഭാര്യയെ പരിചരിക്കാനെത്തിയ ഹോംനഴ്‌സിനെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ വീട്ടുടമക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. ഹോംനഴ്സ് മാലോം ആനമഞ്ചലിലെ സി. ശാരദ (45) യുടെ പരാതിയിലാണ് അജാനൂര്‍ മുലക്കണ്ടത്തെ ജാനകി അമ്മയുടെ ഭര്‍ത്താവിനെതിരെ കേസെടുത്തത്.
ഈമാസം ഇരുപത്തിയൊന്നിന് രാത്രി പത്തരമണിക്കാണ് സംഭവം. മൂലക്കണ്ടത്തെ ജാനകി അമ്മയും ഭര്‍ത്താവും താമസിച്ചുവരുന്ന വീട്ടിലാണ് പരാതിക്കാരി ജോലിചെയ്തിരുന്നത്. ജാനകി അമ്മയുടെ ഭര്‍ത്താവായ പ്രതി രാത്രിയില്‍ ആരോടോ ഫോണില്‍ സംസാരിച്ചു എന്നു പറഞ്ഞ് തന്നെ അശ്ലീല ഭാഷയില്‍ ചീത്തവിളിച്ചെന്നും തുടര്‍ന്ന് വലിച്ചിഴച്ച് പുറത്തും മുഖത്തും കൈ കൊണ്ട് അടിക്കുകയും സിറ്റ് ഔട്ടിന് പുറത്തേക്ക് തള്ളിയിട്ടുകയും ചെയ്തുവെന്നും ശാരദ നല്‍കിയ പരാതിയില്‍ പറയുന്നു. കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.







