കാസര്‍കോട്: പുല്ലൂര്‍, കൊടവലത്ത് വീട്ടു പറമ്പിലെ കിണറില്‍ വീണ രണ്ടു വയസ്സുള്ള ആണ്‍പുലി ഇനി തൃശൂർ മൃഗശാലയിലെ താരം. കാസ്ട്രോ എന്നാണ് പുലിക്ക് വനം വകുപ്പ് അധികൃതർ പേരിട്ടത്. പുലിയെ ചൊവ്വാഴ്ച രാത്രി പത്തര മണിയോടെ പ്രത്യേക വാഹനത്തിൽ കൊണ്ടുപോയി. മുതിർന്ന വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് പുലിയെ കൊണ്ടുപോയത്. ഞായറാഴ്ച വൈകുന്നേരം അഞ്ചരമണിയോടെയാണ് പുല്ലൂര്‍, കൊടവലം, നീരളംകയയിലെ മധുവിന്റെ വീട്ടുപറമ്പിലെ ആള്‍മറയുള്ള കിണറ്റില്‍ പുലിയ വീണു കിടക്കുന്നതു കണ്ടത്. വിവരമറിഞ്ഞ് വനപാലകര്‍ സ്ഥലത്തെത്തി രാത്രി 9.30 മണിയോടെ രക്ഷപ്പെടുത്തി കൂട്ടിലാക്കിയത്. രണ്ടുദിവസത്തെ നിരീക്ഷണ ശേഷമാണ് പുലിയെ തൃശ്ശൂർ മൃഗശാലയിലേക്ക് മാറ്റുന്നതിനായി ചീഫ് വൈൽഡ് ലൈഫ് വാർഡൻ അനുമതി നൽകിയത്.






