കാസര്‍കോട്: ചെറുവത്തൂര്‍ വ്യാപാരഭവന്‍ റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ വലിയ അണ്ടര്‍ പാസേജ് നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് ഡിസംബര്‍ ഒന്ന് മുതല്‍ അനിശ്ചിത കാല റിലേ നിരാഹാര സമരം തുടങ്ങുമെന്ന് കര്‍മ്മസമിതി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ഈ മാസം 30 നുള്ളില്‍ പുതിയൊരടിപ്പാത അനുവദിച്ചില്ലെങ്കില്‍ ജനകീയ സമരത്തിന്റെ മുഖം മാറും. ദിവസവും അഞ്ച് സമരസമിതി പ്രവര്‍ത്തകര്‍ വീതം രാവിലെ ഒമ്പത് മണി മുതല്‍ അഞ്ച് മണി വരെ സമരപന്തലില്‍ നിരാഹാരം കിടക്കുമെന്നും കര്‍മസമിതി പറഞ്ഞു. എല്ലാ വാഹനങ്ങള്‍ക്കും കടന്നുപോകുന്ന തരത്തിലുള്ള അണ്ടര്‍ പാസേജ് പണിയണമെന്ന് ആവശ്യപ്പെട്ട് നവംബര്‍ 12 മുതലാണ് ജനകീയ സമരം തുടങ്ങിയത്. സമരം ശക്തമായിട്ടും നിര്‍മ്മാണ കമ്പനി പ്രകോപനം സൃഷ്ടിക്കുകയും ധിക്കാരപരമായ നിലപാട് തുടരുകയും ചെയ്യുകയാണ്. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും ജില്ലാ സംസ്ഥാന നേതാക്കളും ജനപ്രതിനിധികളും സ്ഥാനാര്‍ത്ഥികളും സമരപ്പന്തലില്‍ എത്തി പിന്തുണ ഉറപ്പ് നല്‍കുകയാണെന്ന് കര്‍മ്മസമിതി ഭാരവാഹികളായ മുകേഷ് ബാലകൃഷ്ണന്‍, കെ.കെ കുമാരന്‍, പി. വിജയകുമാരന്‍, കെ.പി രാമകൃഷ്ണന്‍, കെ.വി രഘൂത്തമന്‍, പി പത്മിനി, ടി.രാജന്‍, ഉദിനൂര്‍ സുകുമാരന്‍, സി. രഞ്ജിത്ത്, എം. അംബുജാക്ഷന്‍, സന്ദീപ് മുണ്ടക്കണ്ടം എന്നിവര്‍ പറഞ്ഞു.






