പെഷ്വാര്‍: പാക്കിസ്ഥാനിലെ പെഷാവറില്‍ അര്‍ധസൈനിക വിഭാഗത്തിന്റെ ആസ്ഥാനത്ത് ചാവേര്‍ ആക്രമണം. തിങ്കളാഴ്ചയാണ് വടക്ക് പടിഞ്ഞാറന്‍ പാകിസ്ഥാനിലെ പെഷ്വാറില്‍ പാരാമിലിട്ടറി ഹെഡ്ക്വാട്ടേഴ്‌സിന് നേരെ ആക്രമണം നടന്നത്. മൂന്നു ചാവേറുകള്‍ ഹെഡ്ക്വാട്ടേഴ്‌സ് കോംപ്ലെക്‌സിന് നേരെ ആക്രമണം നടത്തിയ ശേഷം സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. മൂന്ന് പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായും 5 പേര്‍ക്ക് പരിക്കേറ്റതായും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആദ്യ ചാവേര്‍ ഹെഡ്ക്വാട്ടേഴ്‌സ് കവാടത്തിലും രണ്ടുപേര്‍ കോംപൗണ്ടിലും ആക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്. പൊലീസും സൈന്യവും മേഖലയില്‍ എത്തിയിട്ടുണ്ട്. ഹെഡ്ക്വാട്ടേഴ്‌സിനുള്ളില്‍ വേറെയും തീവ്രവാദികളുണ്ടെന്നാണ് സംശയിക്കുന്നത്. സൈനിക കന്റോണ്‍മെന്റിന് സമീപത്താണ് ആക്രമണം നേരിട്ട പാരാമിലിട്ടറി ഹെഡ്ക്വാട്ടേഴ്‌സുള്ളത്. നിരവധി ആളുകളാണ് മേഖലയില്‍ താമസിക്കുന്നത്. പ്രദേശത്തെ റോഡുകള്‍ അടച്ച് ഗതാഗതം നിയന്ത്രിച്ചിരിക്കുകയാണ്. പെഷവാറിലെ എഫ്സി ആസ്ഥാനത്ത് നിന്ന് സ്ഫോടനത്തിന് സമാനമായ ശബ്ദം കേട്ടതായി പരിസരത്ത് താമസിക്കുന്നവര്‍ പൊലിസിനെ അറിയിച്ചു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.







