നാരായണന്‍ പേരിയ
‘കേച്ച് ദ ബിഗ് ഫിഷ്’ -വലിയ മീനുകളെ പിടിക്കുക- പരല്‍ മീനുകളെ മാത്രം പിടിച്ചാല്‍പ്പോരാ എന്ന്.
മത്സ്യത്തൊഴിലാളികള്‍ക്കുള്ള ഉപദേശമോ, നിര്‍ദ്ദേശമോ അല്ല ഇത്; അപ്രകാരം തോന്നുമെങ്കിലും, ഒരു ആലങ്കാരിക പ്രയോഗമാണ്. സി ബി ഐ ഓഫീസര്‍മാരുടെയും ആന്റികറപ്ഷന്‍ ബ്യൂറോ ഓഫീസര്‍മാരുടെയും യോഗത്തില്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പ്രസംഗിച്ചത്. (ഇന്ത്യന്‍ എക്‌സ്പ്രസ്- 27-08-2009) ഇപ്പറഞ്ഞ ഉദ്യോഗസ്ഥന്മാര്‍ മീന്‍ പിടിത്തക്കാരല്ലല്ലോ. ആ സ്ഥിതിക്ക് മറ്റെന്തിനേയോ ഉദ്ദേശിച്ച് പറഞ്ഞതാണെന്ന് മനസ്സിലാക്കാം.
ഇന്ത്യയില്‍ പരക്കെ ഒരു തോന്നലുണ്ട്. ചെറിയവര്‍ക്കെതിരായ കേസുകള്‍ വേഗം അന്വേഷിക്കും. തുടര്‍ നടപടികള്‍- അറസ്റ്റ് കുറ്റപത്ര സമര്‍പ്പണം, വിചാരണ, ശിക്ഷ വിധിക്കലും നടപ്പാക്കലും എല്ലാം അതിവേഗം. എന്നാല്‍, കുറ്റാരോപിതര്‍ ഉന്നത സ്ഥാനത്തിരിക്കുന്നവരാണെങ്കില്‍ അന്വേഷണാദിനടപടികള്‍ ഇഴഞ്ഞിഴഞ്ഞ് -ആമ തോറ്റുപോകും പോലെയാവും.
2004 മുതല്‍ 2014 വരെ പ്രധാനമന്ത്രിയായിരുന്നു മന്‍മോഹന്‍സിങ്. എന്തായിരുന്നു അക്കാലത്ത് കേസന്വേഷണത്തിന്റെ അവസ്ഥ? യോഗം വിളിച്ചു കൂട്ടി കല്‍പ്പന കൊടുത്തശേഷമോ?എത്ര വന്‍ മീനുകള്‍ പിടിയിലായിട്ടുണ്ട്?
പ്രധാനമന്ത്രി പ്രഖ്യാപിച്ചു: എല്ലാ കേസുകളും സംബന്ധിച്ചുള്ള അന്വേഷണവും അനന്തര നടപടികളും മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കേണ്ടതാണ്. കേസ് വിചാരണയും വിധി പ്രഖ്യാപനവും അടക്കം എല്ലാം. അതിനായി എഴുപത്തൊന്ന് പുതിയ സി ബി ഐ കോടതികള്‍ സ്ഥാപിക്കും. കേസ് വിചാരണ ഇടയ്ക്ക് വെച്ച് നിര്‍ത്തിവെയ്ക്കാന്‍- അഡ്‌ജേണ്‍മെന്റ്- പാടില്ല. എഴുപത്തൊന്ന് സി ബി ഐ കോടതികളാണ് സ്ഥാപിക്കുക. സി ബി ഐ ഉദ്യോഗസ്ഥരെ നിയമിക്കും എന്നല്ല പറഞ്ഞത്. അന്വേഷണോദ്യോഗസ്ഥന്മാരുടെ എണ്ണം ആവശ്യാനുസരണം കൂട്ടാതെ കോടതികളുടെ എണ്ണം വര്‍ദ്ധിപ്പിച്ചത് കൊണ്ട് എന്ത് നേടാന്‍?
സി ബി ഐ (സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍) എന്ന സംവിധാനം തന്നെ കാര്യക്ഷമമാണോ?
‘കൂട്ടിലടച്ച തത്ത’ എന്ന് സുപ്രീംകോടതി വിശേഷിപ്പിച്ചത് സി ബി ഐയെ ആണ്. ‘ചങ്ങലയില്‍ കുടുക്കിയ നായ’ എന്നും പറയാറുണ്ട്. രണ്ടാമത് പറഞ്ഞതാണ് കൂടുതല്‍ ശരി. എല്ലാവരെയും നോക്കി കുരയ്ക്കുമോ? ചിലരെ നോക്കി മുരളുക പോലുമില്ല. ചിലരെ നോക്കി വാലാട്ടും. എത്രയെത്ര ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാനുണ്ട്. തെറ്റ് ചെയ്തവര്‍ക്കൊപ്പം നില്‍ക്കും. അധികാരസ്ഥാനങ്ങളിലിരിക്കുന്നവരുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങും. കേസ് അട്ടിമറിയ്ക്കപ്പെടും. ഈ ദുര്‍വ്യതിയാനം പെരുകിയതോടെ സി ബി ഐയുടെ വിശ്വാസ്യത തന്നെ നഷ്ടപ്പെട്ടു.
എന്നിട്ടും ആവശ്യമുയരുന്നു- ആളും തരവും നോക്കി- കേസന്വേഷണം സി ബി ഐയ്ക്ക് കൈമാറണം എന്ന്. സംസ്ഥാന ഭരണം കൈയാളുന്നവരുടെ നിയന്ത്രണത്തിലുള്ള സ്റ്റേറ്റ് പൊലീസ് അന്വേഷിച്ചാല്‍ കുറ്റാരോപിതര്‍ രക്ഷപ്പെടും. അതുകൊണ്ട് സി ബി ഐയെ വിളിക്കൂ. നേരറിയണമെങ്കില്‍ സി ബി ഐ തന്നെ. സി ബി ഐ മാത്രം.
കോട്ടയത്തെ പയസ് ടെന്‍ത് കോണ്‍വെന്റിലെ അന്തേവാസിനിയായിരിക്കെ ‘അഭയ’എന്ന യുവതി- ‘വ്രതാര്‍ത്ഥിനി’- ദുരൂഹസാഹചര്യത്തില്‍ കിണറ്റില്‍ വീണ് ജീവഹാനി സംഭവിച്ചത് സംബന്ധിച്ച കേസ്- സി ബി ഐയുടെ നാലോ അഞ്ചോ സംഘങ്ങളാണ് ഒന്നിന് പിറകെ ഒന്നായി അന്വേഷണം നടത്തിയത്. ഉന്നത പൊലുദ്യോഗസ്ഥന്മാര്‍ മാത്രമല്ല, ഒരു ഉന്നത ന്യായാധിപനും അന്യായമായി ഇടപ്പെട്ടു- അപരാധികളെന്ന് സംശയിക്കപ്പെടുന്ന വൈദികരെയും കന്യാസ്ത്രീയെയും രക്ഷപ്പെടുത്താന്‍ വേണ്ടി; കേസന്വേഷണം വഴിതെറ്റിക്കാന്‍. മേലുദ്യോഗസ്ഥന്റെ സമ്മര്‍ദ്ദം കനത്തപ്പോള്‍ അന്വേഷണച്ചുമതലയുള്ള ഒരുന്നത ഉദ്യോഗസ്ഥന്‍ ജോലി രാജിവെച്ചു. സമ്മര്‍ദ്ദം ചെലുത്തിയതോ? മറ്റൊരു സി ബി ഐ ഉദ്യോഗസ്ഥന്‍!
കഴിഞ്ഞ ദിവസം (18112025) സുപ്രീംകോടതി ഒരു കേസ് പരിഗണിക്കുമ്പോള്‍ പറഞ്ഞത്: സി ബി ഐ ആരും വിശ്വസിക്കാത്ത ഒരു ഏജന്‍സിയായി. കേന്ദ്ര അന്വേഷണ ഏജന്‍സിയായ സി ബി ഐയില്‍ കഴിവ് കെട്ട ഉദ്യോഗസ്ഥന്മാരുള്ളത്. അവരെക്കാള്‍ മികച്ച രീതിയില്‍ ജോലി ചെയ്യാന്‍ ജില്ലാ പൊലീസിന് അറിയാം. ഹിമാചല്‍ പ്രദേശ് പവര്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥനായിരുന്ന വിമല്‍ നേഗിയുടെ ദുരൂഹമരണത്തെക്കുറിച്ച് അന്വേഷിക്കുന്ന സി ബി ഐ ഉദ്യോഗസ്ഥന്മാര്‍ സമര്‍പ്പിച്ച രേഖകള്‍ പരിഗണിക്കുമ്പോള്‍ ജ. അഹ്സനുദ്ദീന്‍, ജ. അമാനുള്ള, ജ. പ്രമോദ് കുമാര്‍ മിശ്ര എന്നിവര്‍ വിമര്‍ശിച്ചത്.
അപ്പോഴും ചിലര് പറയും: ‘നേറിയാന്‍ സിബിഐ’ നേരോ? എന്താണത്? ആര്‍ക്കറിയാം?







