കാസർകോട്: പുതിയ ബസ് സ്റ്റാൻഡിനു സമീപം നടന്ന ഹനാൻ ഷായുടെ പരിപാടിക്കിടയിൽ ഉണ്ടായ തിക്കിലും തിരക്കിലും ആളുകൾ കുഴഞ്ഞുവീണ സംഭവത്തിൽ സംഘാടകക്കെതിരെ കാസർകോട് ടൗൺ പൊലീസ് കേസെടുത്തു. പൊലീസ് മുന്നറിയിപ്പ് അവഗണിച്ച് പരിപാടി നടത്താൻ ശ്രമിച്ചതിന് സംഘാടകരായ അഞ്ചുവർക്കെതിരെയും കണ്ടാൽ അറിയാവുന്ന ആളുകൾക്കെതിരെയും പൊലീസ് കേസെടുത്തത്. 3000 പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടിക്കാണ് പൊലീസ് അനുമതി നൽകിയത്. എന്നാൽ അതിന്റെ നാലിരട്ടി ആളുകൾ ഓഡിറ്റോറിയത്തിൽ എത്തിയിരുന്നു. മനുഷ്യ ജീവനും പൊതുജന സുരക്ഷയ്ക്ക് അപകടം വരുത്തുന്ന വിധം പ്രവർത്തിച്ചതിനുമാണ് പൊലീസ് കേസെടുത്തത്. 3000 ത്തോളം ആളുകൾക്ക് മാത്രം പ്രവേശിക്കാവുന്ന സ്ഥലത്ത് പതിനായിരത്തിലേറെ ആളുകൾ എത്തിയതോടെയാണ് തിക്കും തിരക്കും സംഭവിച്ചത്. ശ്വാസംമുട്ടലും അസ്വസ്ഥതയും അനുഭവപ്പെട്ട 12 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നു. ഒടുവിൽ ജില്ലാ പൊലീസ് ചീഫ് എത്തിയാണ് പരിപാടി നിർത്തിവെപ്പിച്ചത്. താൽക്കാലിക ഓഡിറ്റോറിയത്തിൽ കടന്നുകൂടിയ ആളുകളോട് പിരിഞ്ഞു പോകാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും പലരും തയ്യാറായില്ല. ഒടുവിൽ ബലംപ്രയോഗിച്ച് ആളുകളെ നീക്കം ചെയ്തു. ലാത്തിച്ചാർജും പ്രയോഗിച്ചു. പൊലീസിന്റെ അവസരോചിത ഇടപെടൽ മൂലം വലിയ ദുരന്തം ഒഴിവായി. കാസർകോട്ട് യുവജന കൂട്ടായ്മ നടത്തിയ മേളയുടെ സമാപന ദിവസമായിരുന്നു ഞായറാഴ്ച. ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടവർ പുലർച്ചെയോടെ വീട്ടിലേക്ക് മടങ്ങി.







