ന്യൂഡല്‍ഹി: ദുബായ് എയര്‍ഷോയ്ക്കിടെ തേജസ് യുദ്ധ വിമാനം തകര്‍ന്നു വീഴുന്നതിനു മുന്‍പായി വിങ് കമാന്‍ഡര്‍ നമാംശ് സ്യാല്‍ രക്ഷപ്പെടാന്‍ ശ്രമം നടത്തിയിരുന്നുവെന്ന് അന്വേഷണ സംഘം. പെട്ടെന്ന് താഴേക്ക് വീണതിനാല്‍ രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. വിമാനത്തിനു സാങ്കേതിക പിഴവുണ്ടായോ, പൈലറ്റിന്റെ ആരോഗ്യനിലയില്‍ പ്രശ്‌നമുണ്ടായോ തുടങ്ങിയ കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്. ദുബായ് അല്‍മക്തൂം രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെ നടന്ന അപകടം. ആദ്യ റൗണ്ട് അഭ്യാസ പ്രകടനം പൂര്‍ത്തിയാക്കി അടുത്ത റൗണ്ടില്‍ രണ്ട് തവണ കുത്തനെ മുകളിലേക്ക് ഉയര്‍ന്ന് കരണം മറിഞ്ഞ ശേഷം ആവര്‍ത്തിക്കാനുള്ള ശ്രമത്തിനിടെയാണ് താഴേക്ക് പതിച്ച് ഉഗ്ര സ്‌ഫോടനത്തോടെ വിമാനം കത്തിയമര്‍ന്നത്. കീഴ് മേല്‍ മറിച്ചുള്ള അഭ്യാസ പ്രകടനത്തിനിടെ ശാരീരികാസ്വാസ്ഥ്യമുണ്ടായി വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണോയെന്നും പരിശോധിക്കും. തകര്‍ന്ന വിമാനത്തിന് 9 വര്‍ഷം മാത്രം പഴക്കമേ ഉള്ളതിനാല്‍ യന്ത്രതകരാറടക്കം ഘടകങ്ങള്‍ കാരണമായിട്ടുണ്ടോയെന്ന് അന്വേഷണ സംഘം വിശദമായി പരിശോധിക്കും. ദുബായ് വ്യോമ അതോറിറ്റിയില്‍ നിന്ന് വിവരം തേടിയ അന്വേഷണ സംഘം നേരിട്ടെത്തി തെളിവുകള്‍ ശേഖരിക്കും. ബ്ലാക് ബോക്‌സ് പരിശോധനയില്‍ ഇക്കാര്യം വ്യക്തമാകും. മലയാളികളടക്കം ആയിരക്കണക്കിനു പേര്‍ ഷോ കാണാനെത്തിയിരുന്നു.
‘തേജസ്’ 2016ലാണ് വ്യോമസേനയുടെ ഭാഗമായത്. കഴിഞ്ഞ കൊല്ലം മാര്‍ച്ചില്‍ രാജസ്ഥാനിലെ ജയ്സല്‍മേറില്‍ അപകടമുണ്ടായപ്പോള്‍ പൈലറ്റ് രക്ഷപ്പെട്ടിരുന്നു. വിംഗ് കമാന്‍ഡര്‍ നമാംശ് സ്യാലിന്റെ മൃതദേഹം സൈനിക ബഹുമതികളോടെ ജന്മനാട്ടില്‍ ഇന്ന് സംസ്‌കരിക്കും.







