മംഗളൂരു: ഓടിക്കൊണ്ടിരിക്കെ ബസില്‍ നിന്ന് തെറിച്ച് വീണ് യാത്രക്കാരന്‍ മരിച്ചു. ഉച്ചില കൗപു പദുഗ്രാമ സ്വദേശി സകേന്ദ്ര പൂജാരി (52) ആണ് മരിച്ചത്. ശനിയാഴ്ചയാണ് സംഭവം. മംഗളൂരുവിലെ ഹോട്ടല്‍ ജീവനക്കാരനായ സകേന്ദ്ര മംഗളൂരുവില്‍ നിന്ന് ഉഡുപ്പിയിലേക്കുള്ള സ്വകാര്യ ബസിലാണ് നാട്ടിലേക്ക് മടങ്ങിയത്. ഉച്ചിലയിലായിരുന്നു ഇദ്ദേഹത്തിന് ഇറങ്ങേണ്ടിയിരുന്നത്. ബസ് ഉച്ചിലയിലെത്താറായപ്പോള്‍ ഇറങ്ങാനായി സകേന്ദ്ര മുന്‍വാതിലിനടുത്ത് നിന്നിരുന്നു. പെട്ടെന്ന് ബസ് വെട്ടിച്ചപ്പോള്‍ വാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. റോഡിലെ ഡിവൈഡറില്‍ തലയിടിച്ച് വീണ സകേന്ദ്രയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ബസ് ഡ്രൈവര്‍ക്കെതിരെ പഡുബിദ്രി പൊലീസ് കേസെടുത്തു.







