കാസര്‍കോട്: നീലേശ്വരം കക്കാട്ട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും വിനോദയാത്രയ്ക്ക് പോയ 40 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. വിദ്യാര്‍ഥികളെ നീലേശ്വരം താലൂക്കാശുപത്രിയിലും മറ്റു സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. നാല് അധ്യാപകരും ചികിത്സ തേടി. ശനിയാഴ്ച വയനാട്ടില്‍ വിനോദയാത്രയ്ക്ക് പോയ യു.പി വിഭാഗം കുട്ടികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വയനാട് ബാണാസുരസാഗറിലെ ഒരു ഹോട്ടല്‍ വച്ച് ചിക്കന്‍ കറി കഴിച്ച കുട്ടികള്‍ക്കാണ് വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടത്. ശനിയാഴ്ച രാത്രിയാണ് കുട്ടികള്‍ നാട്ടിലെത്തിയത്. അപ്പോള്‍ മുതല്‍ കുട്ടികള്‍ അസ്വസ്ഥതയെ തുടര്‍ന്ന് ആശുപത്രികളില്‍ എത്തിയിരുന്നു. ഞായറാഴ്ച രാവിലെയും കുട്ടികള്‍ ചികില്‍സതേടി ആശുപത്രികളിലെത്തി. ആരുടെയും ആരോഗ്യനില ഗുരുതരമല്ലെന്നാണ് വിവരം.
വയനാട് പുല്‍പ്പള്ളി ചേകാടി എയുപി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കും ഭക്ഷ്യവിഷബാധയേറ്റു. ഛര്‍ദിയും തലവേദനയും വയറുവേദനയുമടക്കമുള്ള ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് സ്‌കൂളിലെ 24 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍ ചികിത്സ തേടി. വിദ്യാര്‍ത്ഥികള്‍ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത്. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.






