അഹമ്മദാബാദ്: ഗുജറാത്തിലെ മെഹ്സാന ജില്ലയിലെ വിജാപുര്‍ നഗരത്തിലെ സ്‌കൂള്‍ ക്യാംപസില്‍ എട്ടുവയസുകാരിയ വിദ്യാര്‍ഥിനി ലൈംഗിക പീഡനത്തിന് ഇരയായി. രണ്ടുതവണയാണ് സ്‌കൂളില്‍ വച്ച് പെണ്‍കുട്ടിയെ ഒരു വിദ്യാര്‍ഥി പീഡിപ്പിച്ചത്. ഇന്‍ജക്ഷന്‍ നല്‍കിയശേഷം പീഡിപ്പിച്ചു എന്നാണ് പരാതി. നവംബര്‍ 19ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം ആദ്യം നടന്നത്. സ്‌കൂളിനു പിന്നിലെ പൂന്തോട്ടത്തിലേക്ക് ഒരാള്‍ തന്നെ കൊണ്ടുപോവുകയും മോശമായി സ്പര്‍ശിക്കുകയും ചെയ്‌തെന്നാണ് പെണ്‍കുട്ടി മാതാപിതാക്കളോട് പറഞ്ഞത്. അടുത്ത ദിവസവും ഇതേ വിദ്യാര്‍ഥി വീണ്ടും തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നും, വലതുകൈയ്യില്‍ ഇന്‍ജക്ഷന്‍ നല്‍കിയെന്നും പെണ്‍കുട്ടി പറഞ്ഞു. ആരോടെങ്കിലും സംഭവം വെളിപ്പെടുത്തിയാല്‍ കൊല്ലുമെന്നായിരുന്നു ഭീഷണിയെന്നും പെണ്‍കുട്ടി മാതാപിതാക്കളോട് പറഞ്ഞു.
ശനിയാഴ്ച വയറുവേദനയെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. കാംപസിലെ ഒരു വിദ്യാര്‍ഥിക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് വിജാപുര്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ ജി.എ. സോളങ്കി പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ സംഭവം നടന്ന പൂന്തോട്ടം ക്യാമറയുണ്ടായിരുന്നില്ല. പൊലീസ് കുത്തിവച്ചത് എന്താണെന്ന് അറിയാന്‍ മെഡിക്കല്‍ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും പറഞ്ഞു. അതേസമയം സംഭവം സ്‌കൂളിലെ അധ്യാപികയെ അറിയിച്ചപ്പോള്‍ വേണ്ട ഗൗരവം എടുത്തില്ലെന്നും കുട്ടിയുടെ പിതാവ് ആരോപിച്ചു.







