കുമ്പള: ഓണറേറിയം വർദ്ധനവ് ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിന് മുമ്പിൽ സമരപ്പോരാട്ടം നടത്തിയ ആശാവർക്കർമാർ കുമ്പളയിൽ കൂട്ടത്തോടെ തദ്ദേശപ്പോരിനിറങ്ങുന്നു. കുമ്പള ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കാൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചവരിലേറെയും ആശാവർക്കർമാർ തന്നെ. സ്ത്രീ സംവരണ വാർഡുകളിൽ രാഷ്ട്രീയപ്പാർട്ടികൾക്ക് സ്ഥാനാർത്ഥികളെ കണ്ടുപിടിക്കാൻ ഇപ്രാവശ്യം പാടുപെടേണ്ടി വന്നില്ലെന്നതും ശ്രദ്ധേയമാണ്. വോട്ടർമാർക്കിടയിൽ ആശാവർക്കർമാരെ പരിചയപ്പെടുത്തേണ്ട ആവശ്യവും വരുന്നില്ല. വാർഡുകൾ കേന്ദ്രീകരിച്ച് കാലങ്ങളായി പ്രവർത്തിച്ചുവരുന്നവരാണ് ആരോഗ്യ പ്രവർത്തകർ കൂടിയായ ആശാ വർക്കർമാർ. കുമ്പള ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡായ മൊഗ്രാൽ കെ കെ പുറത്ത് കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുന്നത് മികച്ച ആരോഗ്യ പ്രവർത്തകയും, ആശാവർക്കറുമായ ബൽക്കീസ് എം ഗഫാറാണ്. ഇവിടെ ഇടതുമുന്നണി സ്ഥാനാർത്ഥിയായി ഐ എൻ എലിലെ ആബിദ മത്സരിക്കുന്നു.19 ആം വാർഡ് നടുപ്പളത്ത് ആശാവർക്കർ നസീറാ-ഖാലിദാണ് യുഡിഎഫ് സ്ഥാനാർത്ഥി. മികച്ച സാമൂഹിക പ്രവർത്തക വെൽഫേർ പാർട്ടിയിലെ സഹീറാ അബ്ദുല്ലത്തീഫും ഇവിടെ ജനവിധി തേടുന്നുണ്ട്. ഫരീദ കെ യാണ് ഇടതുമുന്നണി സ്ഥാനാർത്ഥി.മൊഗ്രാൽ കൊപ്പളം പതിനാറാം വാർഡിൽ ആശാ വർക്കർ ഖൈറുന്നിസ ഇസ്മയിലാണ് യുഡിഎഫ് സ്ഥാനാർത്ഥി. ഇവിടെ വെൽഫെയർ പാർട്ടി പിന്തുണയോടെ മുസ്ലിം ലീഗ് പ്രവർത്തകയും, കഴിഞ്ഞ പ്രാവശ്യത്തെ മുസ്ലിം ലീഗ് സ്ഥാനാർത്ഥിവുമായ റിസാനാ നിയാസും മത്സര രംഗത്തുണ്ട്. ഇടതുമുന്നണിയിൽ ആയിഷാ അബ്ദുൽ റിയാസാണ് സ്ഥാനാർത്ഥി. ഇടതുമുന്നണിയിൽ ആർ ജെ ഡി ടിക്കറ്റിലാണ് ആയിഷാ അബ്ദുൽ റിയാസ് മത്സരിക്കുന്നത്. ഇവിടെ കുടുംബശ്രീ പ്രവർത്തക ആയിഷാ ഇബ്രാഹിമും സ്വതന്ത്ര സ്ഥാനാർത്ഥിയായി നാമ നിർദ്ദേശ പത്രിക സമർപ്പിച്ചിട്ടുണ്ട്.







