കാസര്‍കോട്: കോണ്‍ഗ്രസിലെ സീറ്റ് വിഭജന തര്‍ക്കത്തിന് പിന്നാലെ തമ്മിലടിച്ച് നേതാക്കള്‍. കാസര്‍കോട് ഡിസിസിയില്‍ നേതാക്കള്‍ തമ്മില്‍ കൂട്ടയടി. ഡി സി സി വൈസ് പ്രസിഡന്റ് ജെയിംസ് പന്തമാക്കനും ഡികെടിഎഫ് ജില്ലാ പ്രസിഡന്റ് വാസുദേവനുമാണ് ഏറ്റുമുട്ടിയത്. ഈസ്റ്റ് എളേരി പഞ്ചായത്തിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ടാണ് നേതാക്കള്‍ തമ്മില്‍ തല്ലിയത്. നേരത്തെ കോണ്‍ഗ്രസില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ ജെയിംസ് പന്തമാക്കല്‍ ഡിഡിഎഫ് എന്ന സംഘടനയുണ്ടാക്കിയിരുന്നു. പിന്നീട് ചര്‍ച്ചകള്‍ക്കൊടുവില്‍ കഴിഞ്ഞ വര്‍ഷം അദ്ദേഹം ഉള്‍പ്പെടെയുള്ള ഏഴുപേര്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയിരുന്നു. ഈ തെരഞ്ഞെടുപ്പില്‍ കുറേ സീറ്റുകള്‍ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് തര്‍ക്കം ഒഴിവാക്കാന്‍ നേതൃത്വം കഴിഞ്ഞ ദിവസം നടന്ന കോണ്‍ഗ്രസ് യോഗത്തില്‍ അഞ്ച് സീറ്റുകള്‍ നല്‍കാമെന്ന് തീരുമാനിച്ചിരുന്നു. പിന്നീട് ഈ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഡിസിസി പ്രസിഡന്റ് പി കെ ഫൈസലിനെ ഉള്‍പ്പെടെ അധിക്ഷേപിക്കുന്ന തരത്തില്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. തര്‍ക്കം രൂക്ഷമായതോടെ ഇവര്‍ക്ക് രണ്ടു സീറ്റുകള്‍ മാത്രം നല്‍കിയാല്‍ മതിയെന്ന് കോണ്‍ഗ്രസ് യോഗം തീരുമാനിച്ചതാണ് ഏറ്റുമുട്ടലിലേക്ക് വഴിവെച്ചതെന്നാണ് വിവരം. കെപിസിസി വൈസ് പ്രസിഡന്റ് എം ലിജു പങ്കെടുത്ത കോര്‍ കമ്മിറ്റി യോഗത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. കയ്യാങ്കളി സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് എം. ലിജു പറഞ്ഞു. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി നാളെയിരിക്കെ ജില്ലയിലെ പല സീറ്റിലും തീരുമാനമായില്ലെന്നാണ് വിവരം. കയ്യാങ്കളിയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.







