പ്രയാഗ് രാജ്: ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റില്‍. ലാലാപൂർ ഗ്രാമത്തിലെ 32 കാരിയായ സുഷമ ദ്വിവേദിയാണ് കൊല്ലപ്പെട്ടത്. കേസില്‍ സുഷമയുടെ ഭര്‍ത്താവ് രോഹിത്(35) അറസ്റ്റിലായി. കൊലപാതകം നടത്തിയ ഇയാൾ അന്വേഷണം വഴിതെറ്റിക്കാനായി സുഷമയുടെ രക്തം കൊണ്ട് ‘ഭര്‍ത്താവ് നിരപരാധിയാണ്’ എന്നു തുടങ്ങിയ വരികൾ ചുമരില്‍ എഴുതിയിരുന്നതായി പൊലീസ് പറഞ്ഞു. വെള്ളിയാഴ്ചയാണ് താമസിച്ചിരുന്ന വാടകവീട്ടില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ സുഷമയുടെ മൃതദേഹം കണ്ടെത്തിയത്. കഴുത്തില്‍ കത്തി തറച്ചു നില്‍ക്കുന്ന നിലയിലായിരുന്നു. താന്‍ രാവിലെ ഓഫിസിൽ പോയതായിരുന്നുവെന്നും ഫോണ്‍വിളിച്ചിട്ട് സുഷമ എടുക്കാത്തതിനാല്‍ വീട്ടുടമസ്ഥനോട് നോക്കാന്‍ ആവശ്യപ്പെട്ടപ്പോളാണ് മരിച്ച നിലയില്‍ കണ്ടെത്തിയതെന്നുമാണ് രോഹിത് പൊലീസിനോട് പറഞ്ഞിരുന്നത്. മൃതദേഹത്തിന്‍റെ കഴുത്തില്‍ ആഴത്തില്‍ കുത്തേറ്റ മുറിവുകളുണ്ടായിരുന്നു. സമീപത്ത് ചുമരില്‍ ‘എനിക്ക് മാനസികാസ്വാസ്ഥ്യമുണ്ട്, ഭര്‍ത്താവ് നിരപരാധിയാണ്’ എന്ന് രക്തം ഉപയോഗിച്ച് എഴുതിയിരുന്നു.എന്നാല്‍ അന്വേഷണത്തില്‍ സുഷമയുടെ കയ്യില്‍ പറ്റിയിരുന്ന രക്തത്തിന്‍റെ അളവ് ചുമരിലെ ‘ആത്മഹത്യാ കുറിപ്പ്’ എഴുതാന്‍ മതിയാകില്ലെന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് രോഹിതിന്‍റെ കള്ളത്തരം ചുരുളഴിയുന്നത്. വെള്ളിയാഴ്ച ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായെന്നും തുടര്‍ന്ന് താന്‍ ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നുമെന്നും രോഹിത് സമ്മതിച്ചു. മറ്റൊരു സ്ത്രീയുമായുള്ള രോഹിതിന്റെ ബന്ധത്തെ സുഷമ എതിർത്തിരുന്നതായാണ് കരുതുന്നത്. സുഷമ തന്‍റെ ഭര്‍ത്താവിന് അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് പലപ്പോഴും വഴക്കിടാറുമുണ്ടായിരുന്നു എന്ന് പറയപ്പെടുന്നു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മുന്‍കൂട്ടി പദ്ധതിയിട്ട പ്രകാരം രോഹിത് ഓഫിസിലെത്തി, വീട്ടുടമസ്ഥനെ വിളിച്ച് സുഷമ എവിടെയാണെന്ന് അന്വേഷിക്കുകയായിരുന്നു. സുഷമ ഫോണെടുക്കുന്നില്ലെന്നും പോയിനോക്കാനും ആവശ്യപ്പെട്ടു. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇത്. അഞ്ച് വർഷം മുന്‍പാണ് ഇരുവരും വിവാഹിതരായത്.







