വിജയവാഡ: മാവോവാദി നേതാവ് മദ്വി ഹിദ്മ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമരാജു ജില്ലയിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് ഹിദ്മയെ സുരക്ഷാസേന വെടിവച്ചു കൊലപ്പെടുത്തിയത്. ഹിദ്മയുടെ ഭാര്യ രാജെ എന്ന രാജാക്കയും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായാണ് വിവരം. രാജ്യത്ത് നിരവധിപേരുടെ ജീവനെടുത്ത മാവോവാദി ആക്രമണങ്ങളുടെ സൂത്രധാരനായിരുന്നു ഹിദ്മ. ചൊവ്വാഴ്ച രാവിലെ 6 നും 7 നും ഇടയിലാണ് ഏറ്റുമുട്ടല്‍ നടന്നതെന്ന് ആന്ധ്രാപ്രദേശ് ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഹരീഷ് കുമാര്‍ ഗുപ്ത പറഞ്ഞു. മാവോവാദികളുടെ ഒളിയിടങ്ങളായ ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഢ്, തെലങ്കാന സംസ്ഥാനങ്ങളുടെ അതിര്‍ത്തികളിലായി സുരക്ഷാസേന നടത്തിയ ഓപ്പറേഷനിടെയാണ് ഹിദ്മ അടക്കമുള്ളവരെ വധിച്ചതെന്നാണ് റിപ്പോര്‍ട്ട്. മേഖലയില്‍ ഇപ്പോഴും സുരക്ഷാസേനയുടെ ഓപ്പറേഷന്‍ തുടരുകയാണ്. സ്ഥലത്തുനിന്ന് ആറ് മാവോവാദികളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് 26-ഓളം ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മാവോവാദി നേതാവാണ് ഹിദ്മ. 1981-ല്‍ മധ്യപ്രദേശിലെ സുക്മയില്‍ ജനിച്ച ഹിദ്മ, പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മിയുടെ ബറ്റാലിയനെ നയിച്ചയാളായിരുന്നു. ബസ്താര്‍ മേഖലയില്‍നിന്ന് സെന്‍ട്രല്‍ കമ്മിറ്റിയിലെത്തിയ ഏക ഗോത്രവിഭാഗക്കാരനുമായിരുന്നു. സിപിഐയുടെ മാവോവാദി വിഭാഗത്തിന്റെ സെന്‍ട്രല്‍ കമ്മിറ്റിയിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗവുമായി. 2010-ല്‍ ദന്തേവാഡയില്‍ 76 സിആര്‍പിഎഫ് ജവാന്മാര്‍ വീരമൃത്യുവരിച്ച മാവോവാദി ആക്രമണം, 2013-ല്‍ ഝിറാം ഖാട്ടിയില്‍ കോണ്‍ഗ്രസ് നേതാക്കളടക്കം 27 പേരുടെ ജീവന്‍ നഷ്ടമായ ആക്രമണം, 2021-ല്‍ സുക്മയിലും ബിജാപുരിലുമായി 22 സുരക്ഷാസേനാംഗങ്ങള്‍ കൊല്ലപ്പെട്ട സംഭവം എന്നിവയടക്കം വിവിധ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഹിദ്മയായിരുന്നു. ഏറെക്കാലമായി ഒളിവില്‍കഴിഞ്ഞ് മാവോവാദി പ്രവര്‍ത്തനം നടത്തിയിരുന്ന ഹിദ്മയുടെ തലയ്ക്ക് 50 ലക്ഷം രൂപയാണ് ഇനാം പ്രഖ്യാപിച്ചിരുന്നത്.







