മഞ്ചേശ്വരം: മസ്ലിം ലീഗിൻ്റെ സ്ഥാനാർത്ഥി പട്ടിക പൂർത്തിയായിക്കൊണ്ടിരിക്കെ മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയിലെ മുഴുവൻ ഭാരവാഹികളും സ്ഥാനാർത്ഥികളായി തിരഞ്ഞെടുപ്പു ഗോദയിലിറങ്ങി. തിരഞ്ഞുപ്പുകാലത്തും അതു കഴിഞ്ഞും പാർട്ടിയെ മഞ്ചേശ്വരം മണ്ഡലത്തിൽ ആരു നയിക്കുമെന്നു അണികൾ നേതൃത്വത്തോടാരായുന്നു. മഞ്ചേശ്വരം മണ്ഡലം ലീഗ് കമ്മിറ്റി ഉടൻ പിരിച്ചുവിട്ട് അഡ്ഹോക്ക് കമ്മിറ്റി രൂപീകരിക്കണമെന്നും ആവശ്യമുയരുന്നുണ്ട്. അതേസമയം അസീസ് മരിക്കയെ മണ്ഡലം ലീഗ് പ്രസിഡൻ്റ് സ്ഥാനത്തു നിന്നു യുദ്ധകാലാടിസ്ഥാനത്തിൽ മാറ്റണമെന്നു മംഗൽപാടി പഞ്ചായത്തു ലീഗ് ദാരവാഹികൾ ഒറ്റക്കെട്ടായി ജില്ലാ നേതൃത്വത്തോടു നേരിട്ടാവശ്യപ്പെട്ടു. ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡൻറ് അസീസ് മരിക്കെ ബന്തിയോടു ഡിവിഷനിൽ നിന്നാണ് മഞ്ചേശ്വരം ബ്ലോക്കു പഞ്ചായത്തിലേക്കു മത്സരിക്കാൻ കച്ചമുറുക്കിയിയിട്ടുള്ളത്. അതേ സമയം മണ്ഡലം ജന സെക്രട്ടറി എ.കെ. ആരിഫ് കുമ്പള പഞ്ചായത്തിലെ കാക്കളം കുന്നു വാർഡിൽ സ്ഥാനാർത്ഥിയായി മത്സരരംഗത്തേക്കു ഇറങ്ങിക്കഴിഞ്ഞു. മണ്ഡലം ട്രഷറർ യു.കെ. സൈഫുള്ള തങ്ങളും ഇവർക്കൊപ്പം മത്സരരംഗത്താണ്. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിലെ ബഡാജെ ഡിവിഷനിലാണ് അദ്ദേഹം അങ്കം കുറിക്കുന്നത്. മണ്ഡലം പ്രസിഡൻ്റും ജനറൽ സെക്രട്ടറിയും ട്രഷററും തിരഞ്ഞെടുപ്പു പടപ്പുറപ്പാടിന് മുന്നിട്ടിറങ്ങിയതോടെ വൈസ് പ്രസിഡൻ്റ് പി.എം. സലീമിനെ മംഗൽ പാടി പഞ്ചായത്തിലെ നയാബസാർ വാർഡിലും സ്ഥാനാർത്ഥിയായി രംഗത്തിറക്കി. ഇത്രയും ഭാരവാഹികൾ ഇങ്ങനെയൊക്കെയായപ്പോൾ അവശേഷിച്ച രണ്ടു സെക്രട്ടറിമാരെ എങ്ങനെ വിഷമിപ്പിക്കുമെന്ന അനുകമ്പ കൊണ്ടാണെന്നു പറയുന്നു, അതിലൊരാളായ എം. പി ഖാലിദിനെ കുമ്പള പഞ്ചായത്തിലെ ബംബ്രാണ വാർഡിലും മറ്റൊരു സെക്രട്ടറിയായ സിദ്ദിഖ് വൊളമുഗറിനെ എൻമകജെപഞ്ചായത്തിലെ ഷേണിയിലും സ്ഥാനാർത്ഥികളാക്കി തിരഞ്ഞെടുപ്പു വേദിയിലിറക്കി. സംഗതി ഇത്രയൊക്കെ ആയതോടെ പാർട്ടി മണ്ഡലം ഭാരവാഹി സ്ഥാനവും അതിൻ്റെ പേരിൽ ത്രിതല പഞ്ചായത്ത് ഭരണാധികാരഭാരവും ഇവർ എങ്ങനെ താങ്ങുമെന്ന ഭീതി അണികളിലുടലെടുക്കുകയായിരുന്നെന്നു പറയുന്നു. രണ്ടു ഭാരവും കൂടി താങ്ങാനുള്ള കെൽപ്പ് ഇവർക്കുണ്ടാകുമോ എന്ന ഭീതിയും അണികളിലുടലെടുത്തിട്ടുണ്ടെന്നു പറയുന്നു. മാത്രമല്ല, ഭാരവാഹികളെല്ലാം തിരഞ്ഞെടുപ്പു മത്സരത്തിനിറങ്ങുമ്പോൾ പാർട്ടിയെ ആരു നയിക്കുമെന്ന ആശങ്കയും അണികകളെ അലട്ടുന്നു. മുദ്രാവാക്യം വിളിക്കാനും കൊടികുത്താനും ആവേശം മുട്ടിനിൽക്കുന്ന ആത്മാർത്ഥതയുള്ള പാർട്ടി പ്രവർത്തകർ ഇനി എവിടെ, എങ്ങനെ എന്തു മുദ്രാവാക്യം വിളിക്കണമെന്നറിയാതെ അമ്പരപ്പിലായിരിക്കുകയാണെന്നും ശ്രുതിയുണ്ട്.






