കൊൽക്കത്ത: നഴ്‌സായി പരിചയപ്പെട്ട് സൗഹൃദം സ്ഥാപിച്ച സ്ത്രീ ആശുപത്രിയിൽ വച്ച് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി. ബംഗാളിലെ സർക്കാർ ഉടമസ്ഥതയിലുള്ള കുട്ടികളുടെ ആശുപത്രിയിൽ തിങ്കളാഴ്‌ചയാണ് സംഭവം. കുഞ്ഞുമായി ബസിൽ ആശുപത്രിയിലേക്കു വരുമ്പോഴാണ് സ്ത്രീയെ പരിചയപ്പെട്ടതെന്ന് സൗത്ത് 24 പർഗാന ജില്ലയിൽ കാശിപ്പൂരിൽ നിന്നുള്ള മഞ്‌ജുള ബീബി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. താൻ പോകുന്ന അതേ ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുകയാണെന്നാണ് മഞ്‌ജുള ബീബിയോടു പറഞ്ഞത്. ഇരുവരും ഒരുമിച്ചാണ് ആശുപത്രിയിൽ എത്തിയത്. കുഞ്ഞിനെ ഡോക്‌ടറെ കാണിച്ച മഞ്‌ജുള ബീബി തുടർന്ന് കുഞ്ഞിനെ ആ സ്ത്രീയെ ഏൽപ്പിച്ച ശേഷം മരുന്നു വാങ്ങാനായി പോയി. തിരികെ എത്തിയപ്പോൾ കുഞ്ഞിനെയും ആ സ്‌ത്രിയെയും കാണാനില്ലായിരുന്നു. ആശുപത്രിയിൽ അവരെ കണ്ടെത്താൻ കഴിയാതെ വന്നതോടെ കുടുംബം ഫൂൽബഗാൻ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പ്രതിയായ യുവതിയെ തിരിച്ചറിയാൻ അന്വേഷണം ആരംഭിച്ചു. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.







