കണ്ണൂര്‍: മദ്യപിച്ച് കിടന്നുറങ്ങിയ വയോധികന്റെ കഴുത്തില്‍ നിന്നു മൂന്നേകാല്‍ പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാല കൈക്കലാക്കിയ വിരുതന്‍ അറസ്റ്റില്‍. നടുവില്‍ സ്വദേശിയായ കെ ആര്‍ കിഴക്കനടിയില്‍ (45) ആണ് കുടിയാന്മല പൊലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച രാവിലെ പിടിയിലായ ഇയാള്‍ നിരവധി കേസുകളിലെ പ്രതിയാണെന്നു പൊലീസ് പറഞ്ഞു. മണ്ടളം, ഉടുമ്പടയിലെ ഒ എം ഫ്രാന്‍സിസി(67)ന്റെ മാല കവര്‍ന്ന കേസിലാണ് അറസ്റ്റ്. ഒക്ടോബര്‍ എട്ടിനു രാത്രിയിലാണ് ഭിന്നശേഷിക്കാരനും മുച്ചക്ര വാഹനത്തില്‍ യാത്ര ചെയ്യുന്ന ആളുമായ ഫ്രാന്‍സിസിന്റെ കഴുത്തില്‍ നിന്നു സ്വര്‍ണ്ണമാല മോഷണം പോയത്.
സംഭവ ദിവസം രാത്രി രാജേഷിന്റെ വീട്ടില്‍ വച്ച് ഫ്രാന്‍സിസും രാജേഷും മദ്യപിച്ചിരുന്നു. മദ്യലഹരിയില്‍ ഫ്രാന്‍സിസ് അവിടെ തന്നെ ഉറങ്ങിപ്പോയി. പിറ്റേന്ന് ഉണര്‍ന്നപ്പോഴാണ് കഴുത്തില്‍ അണിഞ്ഞിരുന്ന മാല കാണാനില്ലെന്ന കാര്യം അറിഞ്ഞത്. രാജേഷിനോട് ചോദിച്ചപ്പോള്‍ കൈമലര്‍ത്തുകയായിരുന്നുവത്രെ. ഇതേ തുടര്‍ന്ന് ഫ്രാന്‍സിസ് പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണം തുടങ്ങിയതോടെ രാജേഷ് ഒളിവില്‍ പോയി. എന്നാല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഫ്രാന്‍സിസിന്റെ കഴുത്തില്‍ നിന്നു കൈക്കലാക്കിയ മാല രാജേഷ് ആദ്യം മലയോരത്തെ ഒരു ധനകാര്യ സ്ഥാപനത്തില്‍ പണയം വച്ചതായും പിന്നീട് തിരിച്ചെടുത്ത് ഒരു ജ്വല്ലറിയില്‍ 3,25,000 രൂപയ്ക്ക് വില്‍പ്പന നടത്തിയതായും കണ്ടെത്തി. ന്വേഷണം തുടരുന്നതിനിടയിലാണ് രാജേഷ് തിങ്കളാഴ്ച രാവിലെ നാടകീയമായി പൊലീസിന്റെ പിടിയിലായത്.







