കാസര്‍കോട്: ബന്തിയോട്, മുട്ടം ദേശീയപാതയില്‍ ഞായറാഴ്ച രാത്രി ഉണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബാപ്പയും മകനും ഉള്‍പ്പെടെ നാലുപേരും അപകടനില തരണം ചെയ്തു. ബന്ധുക്കളാണ് ഇക്കാര്യം അറിയിച്ചത്. വൊര്‍ക്കാടി, മച്ചമ്പാടിയിലെ ഹുസൈന്‍ സഅദി (35), മകന്‍ ഷാഹിം അബ്ദു(3), ഹുസൈന്റെ സഹോദരിമാരായ ജുമാന, സാക്കിയ എന്നിവരാണ് മംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ ഹുസൈന്‍ സഅദിയുടെ ശസ്ത്രക്രിയ പൂര്‍ത്തിയായതായും ബന്ധുക്കള്‍ അറിയിച്ചു. ഞായറാഴ്ച രാത്രി ഉണ്ടായ അപകടത്തില്‍ ഹുസൈന്റെ ഭാര്യ ഫാത്തിമത്ത് മിര്‍സാന(28) മരണപ്പെട്ടിരുന്നു. മൃതദേഹം മംഗല്‍പ്പാടി താലൂക്കാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത ശേഷം നാട്ടിലെത്തിച്ച് സംസ്‌ക്കരിക്കും. ഒരാളുടെ മരണത്തിനും നാലുപേരുടെ പരിക്കിനും ഇടയാക്കിയ അപകടം ബന്ധുക്കളെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
കാസര്‍കോട് നിന്നു ആള്‍ട്ടോ കാറില്‍ മച്ചമ്പാടിയിലേയ്ക്ക് പോവുകയായിരുന്നു ഹുസൈന്‍ സഅദിയും കുടുംബവും. മുട്ടം ഗൈറ്റില്‍ എത്തിയപ്പോള്‍ മഹേന്ദ്ര താര്‍ വാഹനത്തിന്റെ പിന്നില്‍ ഇടിച്ചാണ് അപകടം. അപകടത്തില്‍ ആള്‍ട്ടോ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. കുമ്പള പൊലീസ് കേസെടുത്തു.






