കാസര്‍കോട്: ജില്ലാ പൊലീസ് മേധാവി വിജയ ഭരത് റെഡ്ഡിയുടെ നിര്‍ദ്ദേശപ്രകാരം കാസര്‍കോട് ജില്ലയില്‍ വെള്ളിയാഴ്ച വ്യാപകമായി നടത്തിയ കോംമ്പിംഗ് ഓപ്പറേഷനില്‍ ഉപ്പളയിലും ചെര്‍ക്കളയിലും വന്‍ പാന്‍ മസാല വേട്ട. മൂന്നു കാറുകളില്‍ കടത്തിയ 45,930 പാക്കറ്റ് പാന്‍ മസാല പിടികൂടി.
വെള്ളിയാഴ്ച തലപ്പാടി ഫോറസ്റ്റ് ചെക്കു പോസ്റ്റിനു സമീപത്ത് എസ്.ഐ കെ.ജി.രതീഷിന്റെ നേതൃത്വത്തില്‍ മഞ്ചേശ്വരം പൊലീസ് നടത്തിയ പരിശോധനയില്‍ കാറില്‍ കടത്തുകയായിരുന്ന 26,112 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. ഉപ്പള, അഗര്‍ത്തിമൂല, ഫൗസിയ മന്‍സിലിലെ മൊയ്തീന്‍ കുഞ്ഞി (47) ക്കെതിരെ കേസെടുത്ത് അറസ്റ്റു ചെയ്തു. ചാക്കില്‍ കെട്ടിയാണ് പുകയില ഉല്‍പന്നങ്ങള്‍ കാറിനകത്ത് സൂക്ഷിച്ചിരുന്നത്. പൊലീസ് സംഘത്തില്‍ പ്രൊബേഷണറി എസ് ഐ. ശബരി കൃഷ്ണന്‍, എ.എസ്.ഐ രാജേഷ്, സിവില്‍ പൊലീസ് ഓഫീസര്‍ സന്ദീപ് എന്നിവരും ഉണ്ടായിരുന്നു.
വിദ്യാനഗര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.പി.ഷൈനിന്റെ നേതൃത്വത്തില്‍ ചെര്‍ക്കള – പാടി റോഡില്‍ രണ്ടിടങ്ങളില്‍ നടത്തിയ വാഹന പരിശോധനയില്‍ 19,818 പാക്കറ്റ് പുകയില ഉല്‍പ്പങ്ങളും രണ്ടു കാറുകളും പിടികൂടി. 12,218 പാക്കറ്റ് പുകയില ഉല്‍പന്നങ്ങള്‍ കാറില്‍ കടത്തിയതിന് വിദ്യാനഗര്‍, ചെട്ടുംകുഴിയിലെ റാഷിദി (31) നെ അറസ്റ്റു ചെയ്തതായി പൊലീസ് പറഞ്ഞു.
ചെര്‍ക്കള – പാടി റോഡില്‍ മറ്റൊരു കാറില്‍ നടത്തിയ പരിശോധനയില്‍ 7600 പാക്കറ്റ് പാന്‍ മസാലയും പിടികൂടി. പൊലീസിനെ കണ്ട് കാര്‍ ഓടിച്ചിരുന്ന ആള്‍ ഓടി രക്ഷപ്പെട്ടു. പൊലീസ് സംഘത്തില്‍ എസ് ഐ മാരായ കെ. ഉമേഷ്, സഫ്‌വാന്‍, എസ്.പിയുടെ സ്‌ക്വാഡ് അംഗം എസ്.ഐ നാരായണന്‍ നായര്‍ തുടങ്ങിയവരും ഉണ്ടായിരുന്നു. കുമ്പള പൊലീസ് നടത്തിയ കോമ്പിംഗ് ഓപ്പറേഷനില്‍ 15 വാറന്റ് പ്രതികളും രണ്ട് പിടികിട്ടാപ്പുള്ളികളും അറസ്റ്റിലായി. പരിശോധനയുടെ ഭാഗമായി കാസര്‍കോട് ജില്ലയില്‍ 125 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അധികൃതര്‍ പറഞ്ഞു.








