ഉള്ളാൽ: ഉള്ളാളിലെ കുംപളയിലെ കടത്തിണ്ണയിൽ വയോധികൻ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത നീങ്ങി. തെരുവുനായയുടെ കടിയേറ്റാണ് മരണം എന്ന് ഫൊറൻസിക് വിദഗ്ധർ സ്ഥിരീകരിച്ചു. ദക്ഷിണ കന്നഡ ജില്ലയിലെ ഉള്ളാൾ കുംപള സ്വദേശിയായ ദയാനന്ദ് (60) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ കുംപള ബൈപ്പാസിൽ കടവരാന്തയിലാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്തു തന്നെ ഒരു തെരുവ് നായയെയും കണ്ടെത്തിയിരുന്നു. കൊലപാതകം എന്നാണ് ആദ്യം സംശയിച്ചത്. പിന്നീട് ഫോറൻസിക് വിദഗ്ധർ എത്തി പരിശോധന നടത്തിയതോടെ തെരുവ് നായയുടെ ആക്രമത്തിലാണ് കൊല്ലപ്പെട്ടതെന്ന് കണ്ടെത്തി.
സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. കടിച്ച തെരുവ് നായയെ ഉച്ചയോടെ പിടികൂടിയതായി ഉള്ളാൾ പൊലീസ് അറിയിച്ചു.







