കാസര്‍കോട്: ശിശുദിനാഘോഷങ്ങളുടെ ഭാഗമായി ജില്ലാ ഭരണകൂടം ജില്ലാ വനിതാ ശിശു വികസന വകുപ്പുമായി സഹകരിച്ച് ശിശുദിന റാലിയും വിദ്യാര്‍ത്ഥി പൊതുസഭയും സംഘടിപ്പിച്ചു. വിദ്യാനഗറില്‍ അസാപ്പ് കാര്യാലയം പരിസരത്ത് നിന്ന് സണ്‍റൈസ് പാര്‍ക്കിലേക്ക് നടന്ന റാലിയില്‍ 24 സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ അണിനിരന്നു.

കുട്ടികളുടെ പ്രധാനമന്ത്രിയും പ്രസിഡണ്ടും സ്പീക്കറും പ്രതിപക്ഷ നേതാവും തുറന്ന വാഹനത്തില്‍ റാലിയില്‍ സഞ്ചരിച്ചു. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ സ്മരിച്ചു വര്‍ണ്ണാഭമായിരുന്നു ശിശുദിന റാലി. എസ് പി സി സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് എന്നിവരും കോല്‍ക്കളി ബാന്‍ഡ് വാദ്യം ഒപ്പന തുടങ്ങി വിവിധ കലാരൂപങ്ങളും റാലിയില്‍ അണിനിരന്നു. കാസര്‍കോട് എ.എസ്.പി. ഡോ.എം. നന്ദഗോപന്‍ റാലി ഫ്‌ലാഗ് ഓഫ് ചെയ്തു. ശിശുദിന സ്റ്റാമ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍ പ്രകാശനം ചെയ്തു. റാലി വിജയികള്‍ക്കും വിദ്യാര്‍ത്ഥി നേതാക്കള്‍ക്കും സ്‌കൂളുകള്‍ക്കുമുള്ള സമ്മാനങ്ങളും ബഹുമതികളും ചടങ്ങില്‍ വിതരണം ചെയ്തു.

തുടര്‍ന്ന് നടന്ന വിദ്യാര്‍ത്ഥി പൊതുസഭ കുട്ടികളുടെ പ്രധാനമന്ത്രി ബി.എ. ഖദീജത്ത് ഹസ്വ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ പ്രസിഡന്റ് കെ.എസ്. പ്രണമ്യ അധ്യക്ഷത വഹിച്ചു. കുട്ടികളുടെ പ്രതിപക്ഷ നേതാവ് പി. വേദ നായര്‍ മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി കളക്ടര്‍ ലിപു എസ്. ലോറന്‍സ് ശിശുദിന സന്ദേശം നല്‍കി. സാമൂഹ്യപ്രവര്‍ത്തക മൃദുല ബായ് മണ്ണൂര്‍ വിശിഷ്ടാതിഥിയായി. ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ടി.എം.എ. കരീം, കാസര്‍കോട് എ.ഇ.ഒ. അഗസ്റ്റിന്‍ ബെര്‍ണാഡ്, ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ ടി. ഹഫ്‌സത്ത് എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്ത് സംസാരിച്ചു.







