ചെന്നൈ: പരിശീലനപ്പറക്കലിനിടെ ചെറുവിമാനം അടിയന്തരമായി ദേശീയപാതയില്‍ ഇറക്കി. തിരുച്ചിരപ്പള്ളി -പുതുക്കോട്ട ദേശീയപാതയില്‍ നാര്‍ത്തമലയില്‍ ആണ് സംഭവം. രണ്ട് ട്രെയിനി പൈലറ്റുമാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. ഇരുവരും നിസാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. വിമാനം ഇറങ്ങിയതിന് സമീപത്തായി മറ്റ് വാഹനങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഒറ്റ എഞ്ചിന്‍ ഉള്ള സെസ്‌ന 172 വിമാനമാണ് അപ്രതീക്ഷിതമായി നിലത്തിറക്കിയത്. വിമാനത്തിന്റെ മുന്‍വശം തകര്‍ന്നിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 നാണ് സംഭവം. അപ്രതീക്ഷിതമായി റോഡില്‍ വിമാനം കണ്ടതോടെ വാഹനയാത്രക്കാരും നാട്ടുകാരും അമ്പരന്നു. വിമാനം റോഡില്‍ ഇറക്കിയതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. പൊലീസെത്തി പിന്നീട് ഗതാഗതം പുനസ്ഥാപിച്ചു. നാട്ടുകാര്‍ വിമാനം തള്ളിമാറ്റാന്‍ ശ്രമിക്കുന്നതിന്റെയും സെല്‍ഫി എടുക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.







