ന്യൂഡല്‍ഹി: ചെങ്കോട്ടയില്‍ സ്ഫോടനം നടത്തിയ കാറില്‍ ഉണ്ടായിരുന്നത് ഉമര്‍ നബി തന്നെയായിരുന്നെന്ന് സ്ഥിരീകരിച്ചു. ഡിഎന്‍എ പരിശോധനയിലൂടെയാണ് ഉമര്‍ നബി തന്നെയാണ് സ്ഫോടനം നടത്തിയ കാറിലുണ്ടായിരുന്നതെന്ന് സ്ഥിരീകരിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉമര്‍ നബിയാണ് സ്ഫോടനത്തിന് പിന്നിലെന്ന് സംശയിച്ചതോടെ അയാളുടെ പുല്‍വാമയിലെ കുടുംബാംഗങ്ങളെ കസ്റ്റഡിയിലെടുത്ത് സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഫരീദാബാദ്, ലഖ്നൗ, തെക്കന്‍ കശ്മീര്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജെയ്ഷെ മുഹമ്മദ് ലോജിസ്റ്റിക്സ് മോഡ്യൂളുമായി ഉമറിന് ബന്ധമുണ്ടെന്നാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ ഗ്രൂപ്പില്‍ ഒമ്പത് മുതല്‍ പത്ത് വരെ അംഗങ്ങളുണ്ടെന്നും ഇതില്‍ ആറോളം പേര്‍ ഡോക്ടര്‍മാരാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഫരീദാബാദില്‍ നിന്നും ഉമറിന്റെ പേരിലുള്ള ഒരു ചുവന്ന ഫോര്‍ഡ് കാര്‍ അന്വേഷണ സംഘം കണ്ടുകെട്ടിയിട്ടുണ്ട്. ഉമറിന്റെ പേരിലുള്ള ഡല്‍ഹിയിലെ വിലാസം വ്യാജമാണെന്നും പൊലീസ് കണ്ടെത്തി. ഉമര്‍ നബിയും സ്ഫോടനത്തിന് ശേഷം പൊലീസ് അറസ്റ്റ് ചെയ്ത ഡോ. മുസമ്മില്‍ ഗനിയയും തുര്‍ക്കിയിലേക്ക് സഞ്ചരിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഉമര്‍ ദീപാവലിക്ക് സ്ഫോടനം നടത്താന്‍ തീരുമാനിച്ചെന്നും എന്നാല്‍ അത് പരാജയപ്പെടുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
രാജ്യത്ത് നിരവധി സ്ഥലങ്ങളില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയുണ്ടായിരുന്നതായി വിവരം ലഭിച്ചു.
സ്‌ഫോടനം നടത്താന്‍ ഭീകരവാദികള്‍ 32 കാറുകള്‍ തയാറാക്കിയിരുന്നതായി അന്വേഷണ ഏജന്‍സികള്‍ പറയുന്നു. ഇതിലൊരു കാറാണ് ചെങ്കോട്ടയ്ക്ക് മുന്നില്‍ പൊട്ടിത്തെറിച്ചത്. ചെങ്കോട്ടയിലെ സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച തീവ്രവാദികള്‍ കശ്മീരില്‍ ഒരു പുല്‍വാമ മോഡല്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നുവെന്നും എന്നാല്‍ സംഘാംഗങ്ങളില്‍ ഒരാളുടെ അറസ്റ്റ് അവരുടെ പദ്ധതികള്‍ പാടേ തകര്‍ത്തുവെന്നും അന്വേഷണ സംഘം പറയുന്നു. രണ്ടാമത്തെ കാറുമായി ബന്ധപ്പെട്ട് ഒരാളെ ഫരീദാബാദ് പൊലീസ് കസ്റ്റഡിയിലെടുത്തു. സ്‌ഫോടനം നടന്ന് ദിവസങ്ങള്‍ക്ക് ശേഷം ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം മേല്‍ക്കൂരയില്‍ നിന്ന് അറ്റുപോയ കൈപ്പത്തി കണ്ടെത്തിയിട്ടുണ്ട്.







