ന്യൂഡല്‍ഹി: ചെങ്കോട്ടയിൽ നടന്ന സ്‌ഫോടനം ചാവേറാക്രമണമല്ലെന്ന് എൻ ഐ എ റിപ്പോര്‍ട്ട്. സാധാരണയുള്ള ചാവേറാക്രമണത്തിന്റെ സ്വഭാവത്തിലല്ല സ്‌ഫോടനം നടന്നതെന്നാണ് പ്രാഥമിക വിലയിരുത്തൽ. പ്രതിയെന്ന് സംശയിക്കുന്നയാള്‍ പരിഭ്രാന്തിയില്‍ സ്‌ഫോടനം നടത്തിയെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.വലിയ സ്ഫോടന പദ്ധതിയാണ് ഇല്ലാതെയാക്കിയത്. തുടർച്ചയായുണ്ടായ റെയ്ഡുകളും അറസ്റ്റുകളുമാണ് തിടുക്കപ്പെട്ടുള്ള സ്ഫോടനത്തിന് കാരണമെന്നാണ് നിഗമനം. പൂർണ്ണമായും പ്രവർത്തനക്ഷമമായിരുന്നില്ല ബോംബ് എന്നും എൻഐഎ പറഞ്ഞു.സ്‌ഫോടനത്തില്‍ ഗര്‍ത്തമുണ്ടായിട്ടില്ലെന്നും പ്രൊജക്ടൈലുകള്‍ കണ്ടെത്തിയില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ചാവേർ ആക്രമണം അല്ലെന്നുള്ളത് ആഭ്യന്തരമന്ത്രാലയത്തിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ദേശീയ അന്വേഷണ ഏജൻസി വ്യക്തമാക്കിയത്. അതേസമയം, ഡൽഹിയിലെ സ്ഫോടന കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. കേസിൽ അറസ്റ്റിലായ ഉമ്മർ മുഹമ്മദിൻ്റെ മാതാവിനെയും സഹോദരിമാരെയും നാളെ ചോദ്യം ചെയ്യും.അതേസമയം ചെങ്കോട്ട സ്‌ഫോടനത്തിന്റെ ഭാഗമായി നിരവധി സ്ഥലങ്ങളില്‍ സുരക്ഷാ ഏജന്‍സികള്‍ പരിശോധന നടത്തിയിട്ടുണ്ട്. പരിശോധനയില്‍ ഫരീദാബാദ്, സഹാരന്‍പുര്‍, പുല്‍വാമ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും വലിയൊരളവില്‍ സ്‌ഫോടന വസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ട് 6.52നായിരുന്നു ചെങ്കോട്ടയ്ക്ക് സമീപം കാറില്‍ സ്ഫോടനം നടന്നത്. തൊട്ടുപിന്നാലെ മറ്റൊരു സ്ഫോടനം കൂടി നടന്നു. ഏഴരയോടെ തീ നിയന്ത്രണവിധേയമാക്കി. എട്ട് പേരുടെ മരണമായിരുന്നു സ്ഥിരീകരിച്ചത്. ആകെ 13 പേരാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. മുപ്പതോളം പേര്‍ പരിക്കുകളോടെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് യുഎപിഎ ചുമത്തി കേസ് എടുത്തിട്ടുണ്ട്. ഫരീദാബാദില്‍ സ്‌ഫോടന വസ്തുക്കള്‍ കണ്ടെത്തിയ സംഭവവുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഉമര്‍ മുഹമ്മദാണ് ചെങ്കോട്ട സ്‌ഫോടത്തിന്റെ മുഖ്യ സൂത്രധാരന്‍ എന്നാണ് പൊലീസ് പറയുന്നത്.







