കോയമ്പത്തൂര്‍: ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയുടെ സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ ഡിവൈഎസ്പിയുടെ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡിണ്ടിഗല്‍ ഡിവൈഎസ്പിയും പാപ്പനായക്കം പാളയം സ്വദേശിയുമായ തങ്കപാണ്ടിയുടെ മകന്‍ ധനുഷി(27)നെയാണ് റെയ്‌സ് കോഴ്‌സ് പൊലീസ് പിടികൂടിയത്. പൊള്ളാച്ചി ജ്യോതിനഗര്‍ സ്വദേശിയും റെയ്‌സ് കോഴ്സിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയുമായ യുവതിയുടെ ആഭരണങ്ങളാണു യുവാവ് ഭീഷണിപ്പെടുത്തി തട്ടിയെടുത്തത്. കോയമ്പത്തൂര്‍ ഈച്ചനാരിയില്‍ ഹോട്ടല്‍ ബിസിനസ് നടത്തുന്ന ധനുഷ് ഡേറ്റിങ് ആപ്പിലൂടെയാണ് യുവതിയെ പരിചയപ്പെട്ടത്. സൗഹൃദത്തിലായതോടെ യുവതിയെ നേരിട്ട് കാണണമെന്ന് അറിയിച്ചു. അങ്ങനെ നവംബര്‍ രണ്ടിന് യുവതി നവക്കരയിലെ കുളക്കരയില്‍ എത്തി. സംസാരിക്കുന്നതിനിടെ ധനുഷിന്റെ സുഹൃത്ത് അവിടെ എത്തി. ഇരുവരും ചേര്‍ന്ന് യുവതിയെ ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ വാങ്ങി. ഗൂഗിള്‍ പേ വഴി ഒരുലക്ഷത്തോളം രൂപയും കൈമാറ്റം ചെയ്യിപ്പിച്ചു. ശേഷം യുവതിയെ താമസിക്കുന്ന രാമനാഥപുരത്തെ ഹോസ്റ്റലിനു മുന്നില്‍ ഇറക്കിവിട്ടു. എന്നാല്‍ രാത്രി പതിനൊന്ന് മണി ആയതിനാല്‍ ഹോസ്റ്റലില്‍ കയറാന്‍ കഴിയില്ലെന്ന് യുവതി പറഞ്ഞു. ഇത് കേട്ട ധനുഷ് അടുത്തുള്ള ഹോട്ടലില്‍ യുവതിക്ക് മുറിയെടുത്തു നല്‍കിയ ശേഷം അവിടെ നിന്ന് മുങ്ങി. യുവതി സഹോദരിയെ ഫോണില്‍ വിളിച്ച് സംഭവം പറഞ്ഞു. സഹോദരിയെത്തി യുവതിയെ പൊലീസ് സ്റ്റേഷനിലെത്തിച്ചു പരാതി നല്‍കുകയുമായിരുന്നു. ആപ്പില്‍ തരുണ്‍ എന്ന പേരാണ് ഇയാള്‍ ഉപയോഗിച്ചിരുന്നത്. ആപ്പിലെ തരുണ്‍ എന്ന പേര് അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് ധനുഷിനെ പൊലീസ് കണ്ടെത്തിയത്. ഹോട്ടല്‍ ബിസിനസില്‍ വരുമാനം കുറഞ്ഞതിനെത്തുടര്‍ന്ന് ഇയാള്‍ വിവാഹിതരായ യുവതികളെ അടക്കം ഡേറ്റിങ് ആപ്പ് വഴി ബന്ധപ്പെട്ടു പണവും ആഭരണവും കൈക്കലാക്കാന്‍ തുടങ്ങി എന്ന് പൊലീസ് പറയുന്നു.







